തിരുവനന്തപുരം: ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലെ മാലിന്യങ്ങളിൽ നിന്ന് പ്രതിമാസം മുന്നൂറ് മെഗാവാട്ട് വൈദ്യുതിയുണ്ടാക്കി നഗരത്തിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഡൽഹിയിലെ എ.ജി ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസിംഗ് കമ്പനിയാണ് വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിക്കുക. ഇന്നലെ കെ.എസ്.ഐ.ഡി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച് കരാർ ഒപ്പുവച്ചു.
ദിവസം പത്ത് മെഗാവാട്ട് വൈദ്യുതിയുണ്ടാക്കാൻ ഇരുപത് മെട്രിക് ടൺ മാലിന്യം വേണം. ഇത് മൂന്നാറിലും ദേവികുളത്തും നിന്ന് ഗ്രാമപഞ്ചായത്തുകൾ ശേഖരിക്കും. കണ്ണൻദേവൻ കമ്പനിയുടെ നല്ലത്തണ്ണി എസ്റ്റേറ്റിലെ രണ്ടേക്കർ സ്ഥലം വൈദ്യുതികേന്ദ്രം സ്ഥാപിക്കാൻ വിട്ടുനൽകും.
മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ. മധുസൂദനൻ ഉണ്ണിത്താൻ, ദേവികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എസ്. പോൾ സ്വാമി, എജി ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസിംഗ് ഡയറക്ടർ പുഷ്പ രാജ് സിംഗ്, കണ്ണൻ ദേവൻ പ്ലാന്റേഷൻസ് ഹിൽസ് സീനിയർ മാനേജർ പ്രിൻസ് തോമസ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. എസ്. രാജേന്ദ്രൻ എം.എൽ.എ, മൂന്നാർ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ. ശർമിള മേരി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.