joy

കാട്ടാക്കട: മാറനല്ലൂർ പൊലീസ് ഇൻസ്‌പെക്ടറെ ആക്രമിച്ച കേസിലെ പ്രതി കഞ്ചാവുമായി കാട്ടാക്കട എക്‌സൈസിന്റെ പിടിയിലായി. തൂങ്ങാംപാറ കണ്ടല ഹരിജൻ കോളനിയിലെ ജോയ് റോസ് (അജിത്ത് ലാൽ - 41)നെയാണ് ഒരു കിലോ കഞ്ചാവുമായി പിടികൂടിയത്. ജോയ് റോസിന്റെ സംഘത്തിലെ കണ്ടല തെരളികുഴി വടക്കേക്കര വീട്ടിൽ കിച്ചു (മനോജിജ് -28) നെയും കഞ്ചാവുമായി എക്സൈസ് സംഘം ഇന്നലെ അറസ്റ്റുചെയ്‌തു. ഇയാളിൽ നിന്നും 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മാറനല്ലൂർ പ്രദേശത്തെ സ്‌കൂൾ - കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ സംഘത്തെക്കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കാട്ടാക്കട, കണ്ടല, മാറനല്ലൂർ, പൂവച്ചൽ പ്രദേശങ്ങളിൽ സ്‌കൂളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഒന്നാം പ്രതി ജോയ് റോസ്. ഇയാൾ പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നുമാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. കണ്ടല മിനി സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് പ്രതിയും സംഘവും പ്രവർത്തിക്കുന്നതെന്നും എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാട്ടാക്കട എക്സൈസ് ഇൻസ്‌പെക്ടർ ബി.ആർ. സ്വരൂപിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഗിരീഷ്, രാധാകൃഷ്ണൻ, ശിശുപാലൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്, സജി, രജിത്, ഹർഷകുമാർ, സതീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.