തിരുവനന്തപുരം: നാടകീയരംഗങ്ങൾക്കൊടുവിൽ നാലാം തവണയും നഗരസഭാ ബഡ്ജറ്ര് പാസായി. എതിർത്ത് വോട്ട് ചെയ്ത് ബഡ്ജറ്റിനെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞിരുന്ന യു.ഡി.എഫ് വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. ഭരണപക്ഷത്തെ 44അംഗങ്ങളുടെ പിന്തുണയോടെയാണ് ബഡ്ജറ്റ് പാസായത്. അഞ്ചര മണിക്കൂർ നീണ്ട പൊതുചർച്ചയ്ക്കും മൂന്നര മണിക്കൂർ വകുപ്പു തിരിച്ചുള്ള ചർച്ചയ്ക്കും ശേഷമാണ് ബഡ്‌ജറ്റ് പാസാക്കിയത്. യു.ഡി.എഫ് അംഗങ്ങൾ വോട്ടിംഗിൽ പങ്കെടുക്കാതെ വാക്ക്ഔട്ട് നടത്തിയപ്പോൾ ബി.ജെ.പി കൗൺസിലർമാർ ബഡ്ജറ്റ് കീറി എറിയുകയും 34 കൗൺസിലർമാരും എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച ബഡ്ജറ്റ് അവതണത്തിന് പിന്നാലെ ബി.ജെ.പി എതിർത്ത് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ യു.ഡി.എഫ് നിലപാടായിരുന്നു പതിവ് പോലെ ഏവരും ഉറ്റുനോക്കിയത്. ഇന്നലെ ഉച്ചയ്ക്ക് വകുപ്പ് തിരിച്ചുള്ള ചർച്ചയ്ക്ക് ശേഷം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മറുപടി പറയാൻ തുടങ്ങുന്നതിന് മുമ്പാണ് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നകാര്യവും സ്ഥലമില്ലാത്തവർക്ക് സ്ഥലം വാങ്ങി വീട് വച്ചു നൽകുന്ന പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യവും സഭ നിറുത്തിവച്ച് ചർച്ചചെയ്യണമെന്നുള്ള പ്രമേയത്തിന് യു.ഡി.എഫ് നേതാക്കളായ ഡി. അനിൽകുമാറും ബീമാപള്ളി റഷീദും അവതരണാനുമതി തേടി. എന്നാൽ ബഡ്ജറ്റ് ചർച്ചയ്ക്കിടെ പ്രമേയം അനുവദിക്കാൻ കഴിയില്ലെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞതോടെ യു.ഡി.എഫ് അംഗങ്ങൾ ബഡ്ജറ്റ് കീറി പറത്തി പുറത്തേക്ക് പോയി. ആർ.സതീഷ് കുമാർ, തിരുമല അനിൽ, ജോൺസൺ ജോസഫ്, മധുസൂദനൻ നായർ, ബിന്ദു ശ്രീകുമാർ, വി.ആർ.സിനി, പീറ്റർ സോളമൻ, വി.ആർ.ഗിരികുമാർ, പാളയം രാജൻ, എം.ആർ.ഗോപൻ, ആർ.സി.ബീന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ശബരിമലയിൽ കയറുമെന്ന് രാഖി, ചീറിയടുത്ത് ബി.ജെ.പി അംഗങ്ങൾ
ബഡ്ജറ്റ് ചർച്ചയ്ക്കിടെ ബി.ജെ.പി ഉന്നയിച്ച രാഷ്ട്രീയ ആരോപങ്ങൾക്ക് എണ്ണിയെണ്ണി ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മറുപടി നൽകി. പൊതുചർച്ചയ്ക്കിടെ ശബരിമലയിൽ പോകാൻ ഇടതുപക്ഷ കൗൺസിലർമാരെ വെല്ലുവിളിച്ച കരമന അജിത്തിന് നൽകിയ മറുപടി ബി.ജെ.പി അംഗങ്ങളെ പ്രകോപിതരാക്കി. സ്ത്രീ പ്രവേശനവിധിയെ തുടർന്ന് ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിവാദങ്ങൾ വേണ്ടെന്നു വച്ചാണ് തയ്യാറാകാത്തത്. സ്ത്രീകൾ കയറണമെന്ന് ഇടതുപക്ഷം തീരുമാനിച്ചാൽ ഡി.വൈ.എഫ്.ഐയിലെയും മഹിളാ സംഘത്തിലെയും സ്ത്രീകൾ ശബരിമലയിൽ ചാടിക്കയറുമെന്ന് രാഖിരവികുമാർ പറഞ്ഞു. ഇതോടെ ബി.ജെ.പി അംഗങ്ങൾ രാഖി രവികുമാറിന് നേരെ ചീറിയടുത്തു. ഡെപ്യൂട്ടി മേയർക്ക് സംരക്ഷണം തീർക്കാൻ ഭരണപക്ഷ അംഗങ്ങളുമെത്തിയതോടെ സംഘർഷ സ്ഥിതിയായി. ബഹളം തുടർന്നെങ്കിലും രാഖിരവികുമാർ പ്രസംഗം തുടർന്നു. മേയർ ആവശ്യപ്പെട്ടതോടെ ഭരണപക്ഷങ്ങൾ സീറ്റുകളിലേക്ക് മടങ്ങി. ഇതോടെ ബി.ജെ.പിക്കാരും ശാന്തരായി. മാറുമറയ്ക്കൽ സമരവും കല്ലുമാല സമരവും ഉൾപ്പെടെ നവോത്ഥാന പോരാട്ടങ്ങളുടെ കൂട്ടുപിടിച്ചായിരുന്നു രാഖി രവികുമാറിന്റെ മറുപടി പ്രസംഗം.