തിരുവനന്തപുരം: രാജ്യത്തെ പത്തുലക്ഷം ആദിവാസികളെ വനത്തിൽനിന്ന് ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സാവകാശ ഹർജി നൽകും. വിധി നടപ്പിലായാൽ സംസ്ഥാനത്ത് 894 ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണം. പകരം ഭൂമി കണ്ടെത്തി നൽകുന്നതുവരെ സാവകാശം തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചു.
വിധി വന്നതിനു പിന്നാലെ മന്ത്രി എ.കെ. ബാലൻ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. സുപ്രീംകോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ തുടങ്ങിയവരുമായി ചർച്ച ചെയ്തതിനു ശേഷമാണ് നിയമോപദേശം നൽകിയത്. കൂടുതൽ ആദിവാസികളെ ഒഴിപ്പിക്കേണ്ട മറ്റു സംസ്ഥാനങ്ങൾ അപ്പീലുമായി പോകാത്ത സാഹചര്യത്തിൽ പകരം ഭൂമി കണ്ടെത്തുന്നതുവരെ ആദിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന സാവകാശ ഹർജി നൽകാമെന്നായിരുന്നു നിയമോപദേശം.
അർഹരായ എല്ലാവർക്കും ഭൂമിയിൽ അവകാശം ഉറപ്പാക്കുന്ന നിലയിൽ നിയമനിർമ്മാണം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് മന്ത്രി എ.കെ. ബാലൻ പ്രധാനമന്ത്രിക്കും, കേന്ദ്ര പട്ടികജാതി വകുപ്പ് മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലുമായി ഭൂമിക്കായി 30.67 ലക്ഷംപേർ അപേക്ഷിച്ചതിലാണ് 10 ലക്ഷം നിരസിക്കപ്പെട്ടത്.
2010ലെ സുപ്രീംകോടതി വിധി പ്രകാരം 19,000 ഏക്കർ നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് വിതരണത്തിന് കേരളത്തിന് അനുവദിച്ചിരുന്നു. ഇതിൽ 3,537 ഏക്കർ ഭൂമി മാത്രമാണ് വിതരണത്തിന് ലഭിച്ചത്. 4000ത്തിലധികം ഏക്കർ വാസയോഗ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചു. പട്ടികയിൽ പെട്ട 894 പേർക്കും ഭൂമിയില്ലാത്ത മറ്റു ആദിവാസികൾക്കും വനഭൂമി തന്നെ നൽകുന്നതിനായി ഈ ഭൂമി ഉടൻ ലഭ്യമാക്കാൻ വനം, റവന്യു വകുപ്പുമായി മന്ത്രി എ.കെ. ബാലൻ ഉടൻ ചർച്ച നടത്തും. കേരളത്തിൽ 9,000 ആദിവാസികൾക്കാണ് നിലവിൽ ഭൂമിയില്ലാത്തത്.
#വനത്തിനു പുറത്താകുന്ന ആദാവാസി കുടുംബങ്ങൾ
ഏറ്റവും കൂടുതൽ മദ്ധ്യപ്രദേശിൽ- 2,04,123
ഏറ്റവും കുറവ് കേരളത്തിൽ 894- പേർ.
ഒഡിഷ- 1,22,250
പശ്ചിമ ബംഗാൾ- 50,288
മഹാരാഷ്ട്ര- 13,712
കർണാടക- 35,521
ജാർഖണ്ഡ്- 27,809