
 നിയമസഭാ സ്റ്റുഡന്റ്സ് പാർലമെന്റ് തുടങ്ങി
തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിൽ നിന്ന് മാറിനിൽക്കാതെ അതിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനാണ് യുവാക്കൾ ശ്രമിക്കേണ്ടതെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ജനാധിപത്യ സംവിധാനം ഇന്ത്യയിൽ കൊണ്ടുവരാൻ നടത്തിയ പോരാട്ടങ്ങൾ പുതുതലമുറയെ ഓർമ്മപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള നാഷണൽ സ്റ്റുഡന്റ്സ് പാർലമെന്റ് ഉദ്ഘാടനം ചെയ്ത് ഗവർണർ പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവം പരിപാടിയിലുൾപ്പെടുത്തിയാണ് മൂന്ന് ദിവസത്തെ പാർലമെന്റ്.
ജനത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണ്. അത് കേവലം രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ടതല്ല. ഭരണം സംബന്ധിച്ച ശാസ്ത്രവും കലയുമാണത്. നമ്മുടെ ആശങ്കകളും വിയോജിപ്പുകളും രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യത്തിലെ കുറവുകൾ തിരുത്താൻ അവസരമൊരുങ്ങുന്നത്. കേരള നിയമസഭ ഒട്ടേറെ ചരിത്രപരമായ നിയമങ്ങൾ നിർമ്മിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളടക്കം ഇത് മനസിലാക്കാൻ ശ്രമിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും വേണം.
ജനാധിപത്യത്തിന്റെ മൂല്യങ്ങളും സാദ്ധ്യതകളും യുവാക്കളെ ബോദ്ധ്യപ്പെടുത്താനുദ്ദേശിച്ചാണ് സ്റ്റുഡന്റ്സ് പാർലമെന്റ് സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ധനമന്ത്രി ഡോ.തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പ്രഭാഷണം നടത്തി. യൂണിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിൻ അലി ഹഖ്, എം.ഐ.ടി പൂനെ എക്സിക്യൂട്ടീവ് പ്രസിഡന്റ് രാഹുൽ വി. രാകാട് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു.
നേതാക്കളുടെ ഒത്തൊരുമ കേരളത്തിൽ മാത്രം
രാഷ്ട്രീയ നേതാക്കൾ മറ്റുള്ളവർക്ക് തിളങ്ങുന്ന മാതൃകയാവുന്നത് കേരളത്തിലാണെന്ന് ഗവർണർ പ്രകീർത്തിച്ചു. തന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ മറ്റൊരു സംസ്ഥാനത്തും കാണാനാവാത്ത സവിശേഷതയാണ് ഈ കേരളമോഡൽ. നാല് കൊല്ലം മുമ്പ് ഡോ. എ.പി.ജെ. അബ്ദുൾകലാമിന് അന്ത്യോപചാരമർപ്പിക്കാൻ രാമേശ്വരത്ത് പോകുന്നതിനെപ്പറ്റി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോട് ഞാൻ പറഞ്ഞു. ഒരു മണിക്കൂറിനകം അദ്ദേഹത്തിനും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും എനിക്കുമുള്ള ചെറുവിമാനം ഉമ്മൻചാണ്ടി സജ്ജമാക്കി. ഞാനിത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം അഭിനന്ദിച്ചു. ജയലളിതയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ ഞാനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചാണ് പോയത്. ഞങ്ങൾ ഒരേ വാഹനത്തിലിറങ്ങിയത് തമിഴ്നാട്ടിൽ വലിയ വാർത്തയായി. എന്റെ സംസ്ഥാനത്ത് പോലും ഈ ഒത്തൊരുമ കാണാനാവില്ല. മന്ത്രിമാർക്കൊപ്പം പ്രതിപക്ഷാംഗങ്ങൾ ഇരിക്കാത്ത സ്ഥലങ്ങൾ പോലുമുണ്ടെന്നിരിക്കെ കേരളമാതൃക അനുകരണീയമാണ്.