ആറ്റിങ്ങൽ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആറ്റിങ്ങൽ നിവാസികളുടെ ചിരകാല അഭിലാഷമായ ബൈപ്പാസ് പദ്ധതി വീണ്ടും സജീവമാകുന്നു. കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാതാ വികസനത്തിന്റെ ഭാഗമായ ആറ്റിങ്ങൽ ബൈപ്പാസിന്റെ സ്ഥലനിർണയം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. പദ്ധതിക്കായി ആദ്യം തയ്യാറാക്കിയ രൂപരേഖപ്രകാരമാണ് സ്ഥലനിർണയം നടക്കുന്നത്. ഇതിൽ നിന്ന് മാറി കല്ലിട്ടതാണ് പരാതിക്ക് കാരണമായത്. സ്‌മെക് ഇന്ത്യയ്‌ക്കാണ് സ്ഥലനിർണയത്തിന്റെ ചുമതല. നേരത്തേ മാമം പാലത്തിനപ്പുറം പാലമൂടിന് സമീപം ചേരുന്ന വിധത്തിലായിരുന്നു സർവേ പൂർത്തിയാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പാലത്തിനിപ്പുറത്താണ് റോഡ് വന്നുചേരുന്നത്. മാമം ആറിന് കുറുകേ ഒരു പാലം കൂടി നിർമ്മിച്ച് ഇവിടം നാലുവരിയാക്കി മാറ്റും. വർഷങ്ങൾക്ക് മുമ്പ് നടത്തിയ സ്ഥലനിർണയമനുസരിച്ച് ഓരോ അഞ്ച് കിലോമീറ്ററും ഇടവിട്ട് കല്ലുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് ഇവ കണ്ടെത്താൻ പ്രയാസമായി. അപ്പോൾ ചില അടയാളങ്ങളെ അടിസ്ഥാനമാക്കി സ്ഥലനിർണയം നടത്തി. ഈ അടയാളങ്ങളിൽ പിഴവുവന്നതോടെയാണ് രൂപരേഖയിൽ നിന്ന് മാറി കല്ലുകൾ സ്ഥാപിക്കാൻ ഇടയായത്. പിന്നീട് രണ്ട് തവണ സാറ്റ്‌ലൈറ്റ് സർവേ നടത്തി രൂപരേഖയും അടയാളങ്ങളും സ്ഥിരീകരിച്ച ശേഷമാണ് ഇപ്പോൾ സ്ഥലനിർണയം ആരംഭിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാതാവികസനത്തിന് സ്ഥലനിർണയം നടത്തി ഭൂസർവേ നടത്താനുള്ള വിജ്ഞാപനം 2018 ജൂൺ 29 നാണ് പ്രസിദ്ധീകരിച്ചത്. 2019 ജൂൺ 28 വരെ ഈ വിജ്ഞാപനത്തിന് കാലാവധിയുണ്ട്. ഇതിനുള്ളിൽ റോഡിനാവശ്യമായ സ്ഥലം നിർണയിച്ച് സർവേ നടത്തി. ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രാലയത്തിന് കൈമാറണം. അതു കഴിഞ്ഞാലുടൻ ഭൂമിയേറ്റെടുത്തുകൊണ്ടുളള വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഭൂമിയുടെ വിലനിർണയിച്ച് ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. മാമം മുതൽ കഴക്കൂട്ടം വരെയുള്ള പാതാവികസനത്തിന്റെ സർവേ നടപടികൾ പൂർത്തിയായി. പരാതികേൾക്കൽ അന്തിമഘട്ടത്തിലാണ്. ഈ പ്രദേശത്തെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3ഡി വിജ്ഞാപനത്തിനുള്ള രേഖകൾ തയ്യാറാക്കുന്ന ജോലികളും അവസാന ഘട്ടത്തിലാണ്. ദേശീയപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെ കൂടി ആറ്റിങ്ങൽ ബൈപ്പാസിന്റെ സ്ഥലനിർണയത്തിനായി നിയോഗിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ സ്ഥലനിർണയം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. അതുകഴിഞ്ഞാലുടൻ സർവേ നടപടികൾ ആരംഭിക്കും.

'' പഴയ രൂപരേഖയിൽ ബൈപ്പാസ് നിലവിലെ ദേശീയപാതയുമായി ചേരുന്ന മാമം ജംഗ്ഷനിൽ ചെറിയ മാറ്റമുണ്ടായിട്ടുണ്ട്.
സി.എസ്. ഗോപകുമാർ,​ സ്‌മെക് ഇന്ത്യ

ബൈപ്പാസ് അനിവാര്യം
---------------------------------------------------------

 ഗതാഗതക്കുരുക്ക് മാറാതെ ആറ്റിങ്ങൽ
 ആറ്റിങ്ങൽ കടക്കാൻ പ്രയാസം
 മാമത്ത് പുതിയ പാലം നിർമ്മിക്കും
 മാമം പാലത്തിന് സമീപം നാലുവരിപ്പാത
 പരാതി പരിഹരിക്കുമെന്ന് അധികൃതർ