തിരുവനന്തപുരം: സി.പി.എം നേതൃത്വം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി ചർച്ചകളിലേക്കു കടക്കുന്നു. മാർച്ച് ആദ്യവാരം ഇതിനായി സംസ്ഥാന നേതൃയോഗങ്ങൾ ചേരും. മാർച്ച് മൂന്നിനും നാലിനും ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താവും അന്തിമ സ്ഥാനാർത്ഥി നിർണയത്തിലേക്കു കടക്കുക.
മാർച്ച് അഞ്ച് മുതൽ എട്ട് വരെയാണ് സംസ്ഥാന നേതൃയോഗങ്ങൾ. 5,6 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റും 7, 8 തീയ്യതികളിൽ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക. മാർച്ച് രണ്ടിന് ഇടതു മുന്നണി മേഖലാജാഥകൾ തൃശൂരിൽ സംഗമിക്കുകയാണ്. അന്ന് തൃശൂരിൽ ജില്ല കേന്ദ്രീകരിച്ചുള്ള വൻ റാലിയോടെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഔപചാരികമായി കടക്കും.
കാസർകോട് ഇരട്ടക്കൊലപാതകത്തിന് ശേഷമുള്ള രാഷ്ട്രീയസ്ഥിതിഗതികൾ സി.പി.എം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. കോൺഗ്രസ് ഇത് ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ, കോൺഗ്രസ് നടത്തിയ കൊലപാതകങ്ങൾ എടുത്തുകാട്ടിയുള്ള പ്രചാരണത്തിനാണ് സി.പി.എമ്മിന്റെ നീക്കം.