ആറ്റിങ്ങൽ: ഗോത്ര വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് ഗദ്ദിക പോലുള്ള പ്രദർശന, വിപണന മേളകൾ സഹായകമാകുമെന്ന് ഗവർണർ പി. സദാശിവം. പട്ടികജാതി- വർഗ വികസന വകുപ്പും കിർത്താർഡ്സും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി ആറ്റിങ്ങൽ മാമം മൈതാനത്ത് ഒരുക്കുന്ന മേളയായ ഗദ്ദികയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവർഗ കലകളുടെ ചിട്ടയായ രേഖപ്പെടുത്തലുകൾ ഉൾപ്പെടെയുളള കാര്യങ്ങൾ അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു.
ഗോത്രവിഭാഗങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കി, അവരുടെ സാമ്പത്തികസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് മേളയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ബി.സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം.പ്രദീപ്, നഗരസഭാ കൗൺസിലർ എസ്.കെ.പ്രിൻസ് രാജ്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ.പി. പുകഴേന്തി എന്നിവർ സംസാരിച്ചു. മേള മാർച്ച് നാലിന് സമാപിക്കും. ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്.