നെടുമങ്ങാട് : രാഷ്ട്രീയ സംഘട്ടനങ്ങൾ തുടർക്കഥയായ നെടുമങ്ങാട് പൊലീസ് സബ്ഡിവിഷനിൽ ഡിവൈ.എസ്.പി തസ്തിക ഒഴിഞ്ഞു കിടന്നിട്ട് മാസം രണ്ട് കഴിഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പകരം നിയമനം നടത്തുകയും ചെയ്തിട്ടും മലയോര മേഖലയായ ഇവിടെ മാത്രം നിയമനമുണ്ടായില്ല. എ.എസ്.പിയായിരുന്ന സുജിത് ദാസ് എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച് കെ.എ.പിയിലേക്ക് മാറിയതോടെയാണ് ഒഴിവ് വന്നത്. മണ്ഡല കാലത്ത് സുജിത് ദാസിനെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതിന് പിന്നാലെ പ്രെമോഷൻ ഉത്തരവ് ഇറങ്ങുകയായിരുന്നു. ഇദ്ദേഹത്തെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചത് മുതൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകനായിരുന്നു നെടുമങ്ങാടിന്റെ അധിക ചുമതല. റൂറൽ എസ്.പി ഓഫീസിൽ വരുന്ന പരാതികളുടെ അന്വേഷണത്തിന് നേതൃത്വം നൽകേണ്ട ചുമതലയ്ക്ക് പുറമേ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി പതിനൊന്ന് പൊലീസ് സ്റ്റേഷനുകളുടെ മേൽനോട്ടം കൂടി വഹിക്കണം. ഉച്ചവരെ ഡിവൈ.എസ്.പി ഓഫീസിലും തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിലുമായി നെട്ടോട്ടം ഓടേണ്ട അവസ്ഥയാണുള്ളത്.ആദിവാസി, നിർദ്ധന വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിൽ അവർക്ക് നേരേയുണ്ടാകുന്ന അക്രമവും നിയമ ലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും അന്വേഷിക്കേണ്ടത് ഡിവൈ.എസ്.പിയുടെ ചുമതലയാണ്. പോക്സോ, സ്ത്രീ പീഡന കേസുകൾ ഉൾപ്പെടെയുള്ളവ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ചേ മതിയാകൂ.തൊളിക്കോട്ട് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാമിനെ പിടികൂടാൻ കഴിയാത്തതുൾപ്പെടെ പല കാര്യങ്ങളിലും പൊലീസ് പ്രതിക്കൂട്ടിലാണ്.

ആക്ഷേപങ്ങൾ

എന്നാൽ ഹർത്താൽ ദിനത്തിൽ എസ്.ഐയുടെ കൈ അടിച്ചൊടിച്ചതും പൊലീസ് സ്റ്റേഷനു നേരെ ബോംബേറുണ്ടായതും ഇദ്ദേഹത്തിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പല പരാതികളും നിലനിൽക്കുന്നുണ്ട്. ഇത് കൂടാതെ നിരവധി കുടുംബങ്ങൾ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ്. നെടുമങ്ങാടിന് പുറമേ സബ്ഡിവിഷനിൽ ഉൾപ്പെട്ട മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽശാല, കാട്ടാക്കട, ആര്യനാട്, പാലോട്, വിതുര, പൊന്മുടി, വലിയമല, അരുവിക്കര പൊലീസ് സ്റ്റേഷനുകൾ നാഥനില്ലാക്കളരിയായെന്നാണ് ആക്ഷേപം.

പൊതുതിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ നെടുമങ്ങാട് സബ്ഡിവിഷനു മാത്രമായി ഡിവൈ.എസ്.പിയെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. സമീപകാലത്ത് ഈ ഡിവിഷനിൽ പൊലീസിന്റെ പ്രവർത്തനത്തെ കുറിച്ച് വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഡിവൈ.എസ്.പിയുടെ അസാന്നിദ്ധ്യത്തിൽ പൊലീസ് സ്റ്റേഷനുകളിൽ തന്നിഷ്ടമാണ് നടക്കുന്നതെന്നും പരാതിയുണ്ട്.

കെ.എസ്.ശബരീനാഥൻ എം.എൽ.എ