തിരുവനന്തപുരം: ബി.ജെ.പിയിൽ ലോക്‌സഭാ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാകവേ, മിസോറാം ഗവർണ്ണറും പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ആർ.എസ്.എസ് ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാട്ട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുമായി ആർ.എസ്.എസ് പ്രതിനിധിസംഘം നടത്തിയ കൂടിക്കാഴ്ചയിൽ ഈ ആവശ്യമുയർത്തിയതായാണ് സൂചന.
മിസോറാം ഗവർണർ സ്ഥാനത്തു നിന്ന് കുമ്മനത്തെ മാറ്റി തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനോട് ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വത്തിന് താല്പര്യക്കുറവുണ്ട്. പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യാ- പാക് ബന്ധം തീർത്തും വഷളായതും, ചൈന പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതും പരിഗണിക്കുമ്പോൾ ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകൾ ഉൾപ്പെട്ട സംസ്ഥാനങ്ങളിൽ നിന്ന് ഗവർണർമാരെ മാറ്റുന്നത് തത്കാലം വേണ്ടെന്ന അഭിപ്രായമുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും, ഗവർണർമാരായ പലരും ലോക്‌സഭാ തിരഞ്ഞെടുപ്പ് ടിക്കറ്റ് ആഗ്രഹിച്ച് നില്പുണ്ട്. കുമ്മനത്തിന് ഇളവു കൊടുത്താൽ ഇവരെല്ലാം ആവശ്യം ശക്തമാക്കുമെന്നതും നേതൃത്വത്തിന് തലവേദനയാകും.
കുമ്മനമല്ലെങ്കിൽ കെ. സുരേന്ദ്രനെ തിരുവനന്തപുരത്തേക്ക് പരിഗണിക്കാവുന്നതാണ് എന്ന അഭിപ്രായം ആർ.എസ്.എസ് നേതൃത്വത്തിനുള്ളതായി അറിയുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, സുരേഷ് ഗോപി തുടങ്ങി പല പേരുകളും തിരുവനന്തപുരത്ത് സാദ്ധ്യതാപട്ടികയിൽ പ്രചരിക്കുന്നുണ്ട്. ശ്രീധരൻപിള്ള മത്സരിക്കുന്നെങ്കിൽ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ വേണമെന്ന ആഗ്രഹം അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം പ്രകടിപ്പിക്കുന്നുമുണ്ട്.