കാട്ടാക്കട: നെട്ടുകാൽത്തേരി തുറന്ന ജയിൽ പരിസരത്തു നിന്ന് നാടൻ തോക്കും ഈയവും വെടിമരുന്നുകളും കണ്ടെടുത്ത സംഭവത്തിൽ രണ്ടുപേരെ നെയ്യാർഡാം പൊലീസ് അറസ്റ്റുചെയ്‌തു. ഒറ്റശേഖരമംഗലം കാഞ്ചിമൂട് കുളനട മേക്കുംകര വീട്ടിൽ അഭിലാഷ് (24), ഒറ്റശേഖരമംഗലം കാഞ്ചിമൂട് മുള്ളൻകുഴി കിഴക്കുംകര പുത്തൻവീട്ടിൽ അഭിലാഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ കള്ളിക്കാട് ദേവൻകോട് നിന്നുമാണ് എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രതികളെ തുറന്ന ജയിൽ വളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇക്കഴിഞ്ഞ ഒന്നാം തീയതി പുലർച്ചെ ഒന്നരയോടെയാണ് തുറന്ന ജയിൽ വളപ്പിലെ ബംഗ്ളാവ് കുന്നിന് സമീപത്ത് വെടിയൊച്ച കേട്ടത്. ജയിലിലെ ഗാർഡുകളും മറ്റു ജീവനക്കാരും എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് സൈബർ സെൽ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. സംഭവ സ്ഥലത്തുനിന്നു കണ്ടെത്തിയ മൊബൈൽ ഫോൺ ഒന്നാം പ്രതി അഭിലാഷിന്റെ മാതാവിന്റെ പേരിലുള്ളതാണെന്ന് പൊലീസ് സംഘം കണ്ടെത്തിയിരുന്നു. ഗ്രേഡ് എസ്.ഐ രമേശൻ, സി.പി.ഒമാരായ അനിൽകുമാർ, ഷിബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.