thomas-isaac
thomas isaac

തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തിൽ മാർച്ച് ആദ്യവാരത്തിൽ ഇളവ് നൽകുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. നിലവിൽ അഞ്ച് ലക്ഷത്തിന് മേലുള്ള ബില്ലുകൾക്കാണ് നിയന്ത്രണം. അടുത്തമാസത്തെ ശമ്പളം, പെൻഷൻ വിതരണത്തിന് ശേഷം ഇളവ് നൽകും. എങ്കിലും ഇൗ സാമ്പത്തിക വർഷത്തെ ചില ബില്ലുകളെങ്കിലും അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കേണ്ടിവന്നേക്കുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

സാമ്പത്തിക ഘടനാനിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ കേന്ദ്രസർക്കാർ 1800കോടി വെട്ടിക്കുറച്ചതാണ് പെടുന്നനെയുള്ള പ്രതിസന്ധിക്ക് കാരണം. അടുത്ത സാമ്പത്തികവർഷം തുടങ്ങുന്നതോടെ കൂടുതൽ വായ്പയെടുക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകുന്നത്. ജനുവരി മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇൗ മാസം 1700കോടിയാണ് വായ്പയെടുത്തത്. മാർച്ചിൽ രണ്ടായിരം കോടി കൂടി വായ്പയെടുത്തേക്കും.