തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കു മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്തെത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറി മുകുൾ വാസ്നിക് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അനൗപചാരിക ചർച്ച നടത്തി. 25-നകം സ്ഥാനാർത്ഥി സാദ്ധ്യതാപട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കണമെന്നാണ് നിർദ്ദേശമെങ്കിലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര സമാപിച്ച ശേഷം സ്ഥാനാർത്ഥിനിർണയ ചർച്ചയിലേക്ക് കടന്നാൽ മതിയെന്നാണ് നേതൃതലത്തിലെ ധാരണ. തിരുവനന്തപുരത്ത് 28നാണ് യാത്ര അവസാനിക്കുക.
ഇന്നലെ വൈകിട്ട് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി മുകുൾ വാസ്നിക് അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇന്ന് കൊച്ചിയിൽ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരുമായി മുകുൾവാസ്നിക് ഒരുമിച്ചും വെവ്വേറെയും ചർച്ച നടത്തും. കൊച്ചിയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്‌നാന്റെ മകളുടെ വിവാഹച്ചടങ്ങിലും അദ്ദേഹം സംബന്ധിക്കും. ഇന്നലെ മുതിർന്ന നേതാക്കളായ വക്കം പുരുഷോത്തമൻ, തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരൻ, കെ. മുരളീധരൻ തുടങ്ങിയവരുമായി വാസ്നിക് ഫോണിൽ ബന്ധപ്പെട്ടിരുന്നു.