പാറശാല: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം അധികൃതരെ പറ്റിച്ച് ആൾമാറാട്ടത്തിലൂടെ തട്ടിയെടുത്ത യുവതിയെ അറസ്റ്റുചെയ്‌തു. പരശുവയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ അമ്മയുടെ പേരിലുള്ള ലോക്കറിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വിലവരുന്ന സ്വർണമാണ് മകൾ ആൾമാറാട്ടത്തിലൂടെ തട്ടിയെടുത്തത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് ബാങ്ക് അധികൃതർ പാറശാല പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യുവതി മറ്റൊരു യുവാവുമായി ഒളിച്ചോടിയതായി അറിയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; വീട്ടുകാരറിയാതെ ബാങ്കിലെത്തിയ യുവതി ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമെടുത്ത ശേഷം സുഹൃത്തായ യുവാവുമൊത്ത് മുങ്ങുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. തമിഴ്നാട് ഇടക്കോട് മൂവോട്ടുകോണം ശ്രീനയ നായർ (18), സുഹൃത്തായ വെളളറട പനച്ചമൂട് പാറവിള പുത്തൻവീട്ടിൽ ഷാലു (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആൾമാറാട്ടം നടത്തി ബാങ്കിനെ കബളിപ്പിച്ചതായുള്ള ബാങ്ക് സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ 19ന് രാവിലെ 10ന് ആണ് സംഭവം. മാതാവ് ശ്രീജയകുമാരിയും മകളും ലോക്കർ കൈകാര്യം ചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസം ഇവരുടെ ലോക്കറിലെ താക്കോലുമായി മകളെത്തുകയും ലോക്കർ ഉടമയായ മാതാവ് പുറത്ത് നിൽക്കുകയാണെന്നും പറഞ്ഞു. ലോക്കർ കൈകാര്യം ചെയ്യാൻ മാതാവിനൊപ്പം വരാറുള്ളതുകൊണ്ട് സംശയം തോന്നാത്ത ബാങ്ക് അധികൃതർ ലോക്കർ തുറന്ന് കൊടുക്കുകയായിരുന്നു. ലോക്കർ തുറന്ന ശേഷം ഇവർ സ്വർണവുമായി രക്ഷപ്പെടുകയായിരുന്നു. ശ്രീനയ വീട്ടിലെത്താത്തതിലും ലോക്കറിന്റെ താക്കോൽ കാണാനില്ലാത്തതിലും സംശയം തോന്നിയ വീട്ടുകാർ ബാങ്കിലെത്തി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്.