savin

കല്ലമ്പലം: നാവായിക്കുളം വലിയപള്ളി മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മ‍ൃതദേഹം തിരിച്ചറിഞ്ഞു.

കീഴാറ്റിങ്ങൽ വില്ലേജിൽ തിനവിള ചരുവിള പുത്തൻവീട്ടിൽ നിന്നും നാവായിക്കുളം ക്ഷേത്രത്തിന് സമീപം രശ്മി ഭവനിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന സവിൻസാബു (24)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് കല്ലമ്പലം സബ് ഇൻസ്പെക്ടർ അഭിലാഷ്.പി അറിയിച്ചു. സവിൻ സാബുവിന്റെ മരണത്തിന് പിന്നിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും കുടുംബപ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യയാവാമെന്നും പൊലീസ് പറഞ്ഞു ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദ്ദേഹം സവിന്റേതാണ് വ്യക്തമായത്.

ഇക്കഴിഞ്ഞ ജനുവരി 8ന് കബർസ്ഥാനിൽ അസ്വഭാവികമായി തീയും പുകയും ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മ‍ൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ വിദേശത്ത് നിന്ന് നാട്ടിലെത്തിയ സവിൻസാബുവിനെ കാണാനില്ലെന്ന് കാട്ടി ഇദ്ദേഹത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സവിന്റെതാണോ എന്ന് ഉറപ്പിക്കാൻ ഭാര്യ അടക്കമുള്ള ബന്ധുക്കൾക്ക് സാധിക്കാതെയായതോടെയാണ് ഡി.എൻ.എ ടെസ്റ്റ് നടത്തിയത്.

എന്നാൽ സവിൻ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കൾ മുന്നോട്ടുവന്നിട്ടുണ്ട്. ശാലിനിയാണ് മരിച്ച സവിന്റെ ഭാര്യ.