നെയ്യാറ്റിൻകര: ജാതിയുടെ അടിസ്ഥാനത്തിൽ വലിയൊരു വിഭാഗം ജനതയ്‌ക്ക് ജീവിത സൗഭാഗ്യങ്ങളെല്ലാം നിഷേധിച്ചിരുന്ന കാലത്ത് ലോകചരിത്രത്തിൽ സമാനതകളില്ലാത്ത സമാധാനപൂർണമായ വിപ്ളവമാണ് ഗുരുദേവൻ അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠയിലൂടെ സൃഷ്‌ടിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.
അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠയുടെ 131-ാമത് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെ മറ്റു വിപ്ളവങ്ങളെല്ലാം നിഷ്പ്രഭമായി. ആരോടും ദേഷ്യമില്ലാതെ ആരേയും വേദനിപ്പിക്കാതെ നടത്തിയ ഈ മഹാവിപ്ളവം കേരളത്തിന് മാത്രമല്ല, ലോകത്തിന് തന്നെ പാഠമാണ്. ഇത് ലോക സമൂഹത്തിന് നൽകിയ ഏറ്റവും വലിയ സന്ദേശമാണ്. നവോത്ഥാനത്തിന് തുടക്കമിട്ടെന്ന് മാത്രമല്ല സാമൂഹ്യ മാറ്റത്തിന് കളമൊരുക്കിയ മഹനീയ കർമ്മം കൂടിയാണ് ശിവലിംഗ പ്രതിഷ്ഠ. സവർണർക്ക് മാത്രമായിരുന്നു അക്കാലത്ത് ദീപാരാധന തൊഴാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നത്. ഇത്തരത്തിൽ നിഷേധിക്കപ്പെട്ടിരുന്ന, എല്ലാ പേർക്കും അവകാശപ്പെട്ട ആരാധനാസ്വാതന്ത്ര്യം എല്ലാപേർക്കുമായി നൽകിയെന്നത് ഏറ്റവും വലിയ നവോത്ഥാന കർമ്മമായിരുന്നു - വേണുഗോപാൽ പറഞ്ഞു.
അരുവിപ്പുറത്ത് ചേർന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷനായിരുന്നു. വി.എസ്.ശിവകുമാർ എം.എൽ.എ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, മലയാള മനോരമ എഡിറ്റേറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ഐ.ബി.സതീഷ് എം.എൽ.എ, ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ, പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ എന്നിവർ സന്നിഹിതരായിരുന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവിപ്പുറം പ്രചാരസഭ കോ ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് നന്ദിയും പറഞ്ഞു.