dyuthi

തിരുവനന്തപുരം: ദുരിത പേമാരികൾക്ക് നടുവിലും സ്വന്തമാക്കിയ മെഡലുകളും ട്രോഫികളും സുരക്ഷിതമായിവയ്ക്കാനും അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാനും ട്രയാത്ത്ലൺ താരം ദ്യുതിയ്ക്ക് സുരക്ഷിത ഭവനം ഉയരുന്നു. ദ്യുതിയുടെ ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തോന്നയ്ക്കൽ സായിഗ്രാമമാണ് സഹായഹസ്‌തവുമായെത്തിയത്. പോത്തൻകോട് കൊയ്‌ത്തൂർക്കോണത്ത് ദ്യുതിയ്ക്കും കുടുംബത്തിനും സ്വന്തമായുള്ള ഏഴ് സെന്റ് സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട് സായിഗ്രാമം ഏറ്റെടുത്താണ് പണിപൂർത്തീകരിക്കുന്നത്. സായിഗ്രാമത്തിന്റെ ഭവനനിർമ്മാണ പദ്ധതിയായ സായിപ്രസാദത്തിലുൾപ്പെടുത്തിയാണ് 650 സ്ക്വയർഫീറ്റ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. 4 ലക്ഷം രൂപ ചെലവിൽ മോടിപ്പിക്കുന്ന വീടിന്റെ താക്കോൽ ദാനം മാർച്ച് 4ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.

തറ ടൈൽപാകി, ചുവരുകൾ പൂശി, പുതിയ ശൗചാലയം നിർമ്മിച്ച്, ഇലക്ട്രിക്, പ്ലബിംഗ് ജോലികൾ പൂർത്തീകരിച്ചാണ് വീട് പുതുപുത്തനാക്കുന്നത്. പഞ്ചായത്തിന്റെ സഹായത്തോടെ വർഷങ്ങൾക്ക് മുമ്പ് വീട് പണി തുടങ്ങിയെങ്കിലും നാടകനടീനടന്മാരായിരുന്ന ദ്യുതിയുടെ മാതാപിതാക്കളായ കെ.സുധീറും കോമളകുമാരിയും രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെ നടുവിലായതോടെ പണി പാതിവഴിയിൽ നിലച്ചു.

ദുരിതങ്ങൾക്ക് നടുവിലും കായികരംഗത്ത് മുന്നേറാൻ കൊതിക്കുന്ന ദ്യുതിയുടെ കഥ കേരളകൗമുദി പ്രസിദ്ധീകരിച്ചതിന് പിന്നാലെ സായിഗ്രാമം ഡയറക്ടർ കെ.എൻ.ആനന്ദകുമാർ ദ്യുതിയുടെ വീട്ടിലെത്തി ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. സ്വന്തമായി അടച്ചുറപ്പുള്ളവീട് വേണമെന്ന ദ്യുതിയുടെ ആഗ്രഹം മനസിലാക്കിയ അദ്ദേഹം വീട് പണി പൂർത്തികരിച്ചു നൽകാമെന്ന് വാഗ്ദനം നൽകി. പിന്നാലെ ദിവസങ്ങൾക്കുള്ളിൽ പണികൾ ആരംഭിച്ചു. 2020ലെ ടോക്കിയോ ഒളിമ്പിക്‌സ് ലക്ഷ്യമിടുന്ന ദ്യുതി, സാമ്പത്തിക ബുദ്ധിമുട്ടു കാരണം പരിശീലനം മുടങ്ങാതിരിക്കാൻ കൊച്ചി നേവൽ ബേസിൽ കുട്ടികളെ നീന്തൽ പരിശീലിപ്പിച്ചാണ് വരുമാനം കണ്ടെത്തിയിരുന്നത് ക്രിസ്മസിന് ശേഷം കുട്ടികൾ കുറഞ്ഞതോടെ ജോലി നഷ്ടമായി. സുമനസുകളുടെ സഹായത്താലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.

" വീട് പണി പുരോഗമിക്കുകയാണ്. ഇലക്ട്രിക് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മാർച്ച് നാലിന് താക്കോൽ കൈമാറും."

- കെ.എൻ.ആനന്ദകുമാർ

സായിഗ്രാം, എക്‌സിക്യൂട്ടീവ് ഡയറക്ടർ