kumar

തിരുവനന്തപുരം: കാല് വലത്തേക്ക് കറക്കി കൈകൊണ്ട് ആറെഴുതാൻ പറഞ്ഞ് പ്രാഞ്ചിയേട്ടൻ സിനിമയിൽ പോളി അദ്ധ്യാപകനെയുൾപ്പെടെ ചുറ്റിച്ചത് ആരും മറന്നിട്ടുണ്ടാകില്ല. പുണ്യാളനല്ലാതെ മറ്റാർക്കും പറ്റില്ലെന്ന് പറഞ്ഞു വയ്ക്കുന്ന ഈ കറക്ക്‌ വിദ്യ അനായാസം ചെയ്ത് ലോകറെക്കാഡിട്ടയാളാണ് തിരുവനന്തപുരം സ്വദേശി പി.കെ. കുമാർ എന്ന ഇൻസ്‌പയർ കുമാർ.

ഇരുകൈകളും വിപരീത ദിശയിൽ ഒരേസമയം ഒരുമിനിട്ടിൽ ഏറ്രവും കൂടുതൽ സമയം കറക്കി ഇൻക്രെഡിബിൾ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ ഇൻസ്‌പയർ കുമാർ വലിയ മുൻചക്രങ്ങളും വളരെ ചെറിയ പിൻചക്രങ്ങളുമുള്ള ലോകത്തിലെ ആദ്യത്തെ സൈക്കിളുകളിലൊന്നായ പെന്നി ഫാർത്തിംഗിലാണ് ഇപ്പോൾ പുതിയ നാഴികക്കല്ല് കുറിച്ചിരിക്കുന്നത്. പെന്നി ഫാർത്തിംഗിൽ ഒരു മണിക്കൂറിൽ 21.3 കിലോമീറ്റർ ദൂരം സഞ്ചരിച്ച്, 1876ൽ ഒരു ഫ്രഞ്ചുകാരനിട്ട റെക്കാഡ് പഴങ്കഥയാക്കിയാണ് തിരുവനന്തപുരം കണ്ണമ്മൂല നികുഞ്ജം ടവേഴ്സിൽ കുമാർ ഇൻക്രെഡിബിൾ ബുക്ക് ഒഫ് റെക്കാഡിൽ വീണ്ടും ഇടം നേടിയിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളിൽ ഇത്രയും വേഗത്തിൽ പെന്നി ഫാർത്തിംഗിൽ പാഞ്ഞ കുമാറിനെ പ്രശംസിച്ചേ മതിയാകുവെന്നാണ് അവാർഡ് കമ്മിറ്റിയുടെ അഭിപ്രായം. പെന്നി ഫാർത്തിംഗിൽ സഞ്ചരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സൗജന്യമായാണ് ഫ്രഞ്ച് കമ്പനി സൈക്കിൾ എത്തിച്ച് നൽകിയതെന്ന് കുമാർ പറഞ്ഞു.

സൈക്കോതെറാപ്പിസ്റ്റും വ്യക്തിത്വ വികസന പരിശീലകനുമായ കുമാർ തന്റെ പ്രോഗ്രാമുകൾ ഇൻസ്‌പയർ (പ്രചോദനം) എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. തുടർന്ന് ഇൻസ്‌പയർ സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു. റെക്കാഡ് ബുക്കിൽ ഇടം നേടുകയെന്നത് കുമാറിനും കുടുംബത്തിനും പുതിയ കാര്യമല്ല.

2018ൽ ഒരു മിനിട്ടിൽ 190 പ്രാവശ്യം കൈയും 104 പ്രാവശ്യം കാലും വിപരീത ദിശയിൽ ചലിപ്പിച്ചാണ് കുമാർ ഇൻക്രെഡിബിൾ ബുക്ക് ഒഫ് റെക്കാഡിൽ ആദ്യമായി ഇടം നേടിയത്. ഗുജറാത്ത് സ്വദേശിയുടെ റെക്കാഡാണ് പഴങ്കഥയാക്കിയത്. ഇതിന് പിന്നാലെ കുമാറിന്റെ മൂത്ത മകൾ കാർത്തിക മിനിട്ടിൽ 89 തവണ കൈകറക്കി ഈ വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കാഡിട്ടു. ഇളയ മകൾ ദേവിക ഏറ്റവും പ്രായം കുറഞ്ഞ കഥകളി കലാകാരിയെന്ന റെക്കാഡിന് ഉടമയാണ്. ഭാര്യ വിജയലക്ഷ്മിയും ഈ കറക്കുകമ്പനിയിലെ ഒരംഗമാണ്.