ramesh

തിരുവനന്തപുരം: അധികാരത്തിന്റെ ഗർവിൽ എല്ലാവരെയും വിരട്ടി വരുതിയിൽ നിറുത്താമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കരുതുന്നത് മൗഢ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓർമ്മപ്പെടുത്തി. എൻ.എസ്.എസിനെ വശത്താക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് എൻ.എസ്.എസിന്റേത് മാടമ്പിത്തരമാണെന്ന് കോടിയേരിക്ക് തോന്നിയതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എൻ.എസ്.എസ് പോലെ ഉന്നത പാരമ്പര്യമുള്ള ഒരു സാമുദായിക സംഘടനയെ കോടിയേരി അധിക്ഷേപിച്ചത് അപലപനീയമാണ്. സാമൂഹിക സാമുദായിക സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും സ്വതന്ത്രമായി നിലപാടെടുക്കാനും സ്വാതന്ത്ര്യമുള്ള രാഷ്ട്രമാണ് ഇത്. തങ്ങൾ ആജ്ഞാപിക്കുന്നതുപോലെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് പറയാൻ ഇത് കമ്യൂണിസ്റ്ര് രാഷ്ട്രമല്ലെന്ന് കോടിയേരി മനസിലാക്കണം. അധികാരദണ്ഡുപയോഗിച്ച് ആരെയും അടിച്ചമർത്തിക്കളയാമെന്നു കരുതരുത്. രാഷ്ട്രീയ കക്ഷികൾ സാമുദായിക സംഘടനകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും ചെന്നിത്തല പറഞ്ഞു.