തിരുവനന്തപുരം: കേന്ദ്രത്തിന്റെ പൈസ വാങ്ങി ലൈഫ് എന്നൊക്കെ പേരുമാറ്റി വീടുവച്ചു നൽകുന്നതിനെ മോഷണമെന്നാണ് പറയേണ്ടതെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിന്റെ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി സുനിൽകുമാറിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ ഈ പരിഹാസം.
'കേന്ദ്രത്തിന്റെ പണം വാങ്ങി ഇങ്ങനെ ചിലവാക്കുന്നത് ഒരു സ്ഥിരം പരിപാടിയാണ്.കേന്ദ്രത്തിന്റെ പൈസ വാങ്ങി ആ പദ്ധതിയുടെ പേരുപോലും പറയാതെ കമ്യൂണിസ്റ്റ് പാർട്ടിക്കാർക്കും അനുഭാവികൾക്കും വീടുവച്ചു കൊടുക്കുക. ഇത് ഫെഡറൽ സംവിധാനമൊന്നുമല്ല.കിസാൻ സമ്മാൻ പദ്ധതിയുടെ ഉദ്ഘാടനം യു.പിയിലെ ഗോരഖ്പൂരിലാണ് നടന്നത്. ഇവിടെ മൻകീ ബാത്ത് കേൾക്കാൻ കർഷകരെയാണ് തങ്ങൾ വിളിച്ചത്.മൻ കീ ബാത്തിൽ സംസാരിക്കാൻ സുനിൽകുമാറും കടകംപള്ളി സുരേന്ദ്രനുമൊന്നും പോകുന്നില്ലല്ലോ എന്നും
കഴക്കൂട്ടത്ത് കർഷക സമ്മേളനത്തിന് ശേഷം കണ്ണന്താനം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴക്കൂട്ടത്തെ പരിപാടി ബി.ജെ.പിയുടെ രാഷ്ട്രീയ അല്പത്തമാണെന്ന സുനിൽകുമാറിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ,അത്തരം വാക്കുകൾ ചില പാർട്ടികളും രാഷ്ട്രീയക്കാരും ഉപയോഗിക്കുന്നതാണ്,ഞങ്ങൾ ഉപയോഗിക്കാറില്ല എന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
കിസാൻ സമ്മാൻ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം താൻ വൈക്കത്ത് നിർവഹിച്ചപ്പോൾ കഴക്കൂട്ടത്ത് കർഷകരെ വിളിച്ചുകൂട്ടി കണ്ണന്താനം സമാന്തര പരിപാടി സംഘടിപ്പിച്ചത് രാഷ്ട്രീയ അല്പത്തമാണെന്നായിരുന്നു മന്ത്രി സുനിൽകുമാറിന്റെ പരാമർശം.