medical

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജിൽ നടപ്പാക്കുന്ന 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ, മറ്റ് 9 പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 6 മണിക്ക് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയാകും. മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

മാസ്റ്റർ പ്ലാൻ, ആർദ്രം പദ്ധതി, മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലബോറട്ടറി, വിദ്യാർത്ഥിനികളുടെ പാർപ്പിട സമുച്ചയം, സ്‌കിൽ ലാബ്, ശലഭം, സൂപ്പർസോണിക്ക് ഷിയർവേവ് ഇലാസ്റ്റോഗ്രാഫ്, ക്ലിനിക്കൽ ഫിസിയോളജി യൂണിറ്റ്, ബാസ്‌കറ്റ്‌ബാൾകോർട്ട്, കവിട്രോൺ അൾട്രാസോണിക് സർജിക്കൽ ആസ്പിറേറ്റർ എന്നീ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടത്തിനായി കിഫ്ബി വഴി 58.37കോടി രൂപയാണ് അനുവദിച്ചത്. അടിസ്ഥാന ഗതാഗത സൗകര്യങ്ങളും പാർക്കിംഗും വികസിപ്പിക്കുന്നതിനാണ് ഇതുപയോഗിക്കുക. രണ്ടാം ഘട്ടത്തിൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സ്, എസ്.എ.ടി പീഡിയാട്രിക്‌ ബ്ലോക്ക്, എം.എൽ.ടി ബ്ലോക്ക് എന്നിങ്ങനെ പുതിയ പ്രധാന കെട്ടിടങ്ങളുടെ നിർമ്മാണത്തിനായാണ് തുക അനുവദിക്കുന്നത്. കോളേജിന്റെ അക്കാഡമിക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആറു നിലകളുള്ള പുതിയ അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റൽ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനായുള്ള പദ്ധതികളാണ് മൂന്നാം ഘട്ടത്തിൽ.

ഏഴ് നിലകളിൽ 1.8 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വിഭാവനം ചെയ്തിരിക്കുന്നതാണ് ഒ.ടി കോംപ്ലക്‌സ് കം സർജിക്കൽ വാർഡ്‌ ബ്ലോക്ക്. കുട്ടികളിലെ ഹൃദ്രോഗം, കേൾവിക്കുറവ്, മെറ്റബോളിക് അസുഖങ്ങൾ, ഭാരം കുറവുളള കുട്ടികളുടെ കാഴ്ച എന്നിവയുടെയെല്ലാം പരിശോധനകൾ ശലഭം എന്ന ഏകജാലക സംവിധാനത്തോടെ നടത്തും.

കരൾ വീക്കം (ഫാറ്റി ലിവർ, ലിവർ ഫൈബ്രോസിസ്, ലിവർ സിറോസിസ്) നിർണയിക്കുന്നതിനുള്ള അത്യന്താധുനികമായ ഒരു ഉപകരണമാണ് സൂപ്പർസോണിക് ഷിയർവേവ് ഇലാസ്റ്റോഗ്രാഫ്.

ഫിസിയോളജി ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലാണ് ക്ലിനിക്കൽ ഫിസിയോളജി യൂണിറ്റ് ഒ.പിയിൽ ആരംഭിക്കുന്നത്. കരൾരോഗ ചികിത്സയിൽ രക്തനഷ്ടം കുറയ്ക്കുന്നതിനും കരൾ രോഗ ചികിത്സയ്ക്കായുമാണ് സൂപ്പർസോണിക് ഷിയർവേവ് ഇലാസ്റ്റോഗ്രാഫ്, കവിട്രോൺ അൾട്രാസോണിക് സർജിക്കൽ ആസ്പിറേറ്റർ എന്നീ ഉപകരണങ്ങൾ സ്ഥാപിച്ചത്. വിദ്യാർത്ഥിനികൾക്കായി പാർപ്പിട സമുച്ചയം, വിദ്യാർത്ഥികൾക്കായി ബാസ്‌കറ്റ്‌ബാൾകോർട്ട്, സ്‌കിൽ ലാബ്, മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലബോറട്ടറി, പുതിയ എസ്.എ.ടി പീഡിയാട്രിക്‌ ബ്ലോക്ക് എന്നിവയും നിർമ്മിക്കും.