നെയ്യാറ്റിൻകര: കേരള നവോത്ഥാനത്തിന് തുടക്കംകുറിച്ച് ശ്രീനാരായണ ഗുരുദേവൻ ശിവലിംഗ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കെടുക്കാൻ വൻഭക്തജനത്തിരക്ക്. ക്ഷേത്രത്തിലെ ജ്യോതിർലിംഗ സ്വരൂപം തൊഴുതു വണങ്ങാനും ഗുരുദേവൻ തപസിരുന്ന കൊടിതൂക്കി മലയിലെ ഗുഹയിലെത്താനും അവിടത്തെ ഗുരുക്ഷേത്രം ദർശിക്കാനും ഭക്തരുടെ വലിയ തിരക്കായിരുന്നു ഇന്നലെ. മൂന്നാം ദിവസമായ ഇന്ന് രാവിലെ മുതൽ ക്ഷേത്ര പൂജകൾ. വൈകിട്ട് 7ന് ' നവസമൂഹസൃഷ്ടിക്ക് അമ്മമാരുടെ സ്വാധീനം - ഗുരുവിന്റെ കാഴ്ചപ്പാടിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി മുഖ്യാതിഥിയായിരിക്കും. പി. ഐഷാപോറ്റി എം.എൽ.എ, നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കേന്ദ്രസാഹിത്യ അക്കാഡമി അംഗം ഡോ. എൻ. അജിത്കുമാർ, നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ ഡബ്ളിയു.ആർ. ഹീബ, ഡോ. എം.എസ്. സുനിൽ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ. സുനിത തുടങ്ങിയവർ സംസാരിക്കും. കുന്നുംപാറ ആശ്രമം സെക്രട്ടറി സ്വാമി ബോധിതീർത്ഥ സ്വാഗതവും സ്വാമി സത്യാനന്ദ തീർത്ഥ നന്ദിയും പറയും. തുടർന്ന് നെയ്യാറ്റിൻകര എസ്.പി സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ മ്യൂസിക് മെഗാഷോ. ഇന്നത്തെ ക്ഷേത്ര പൂജയും അന്നദാനവും നടത്തുന്നത് ഒടുക്കത്ത് കുടുംബക്കാരാണ്.