vadi

പാങ്ങോട്. പാങ്ങോട് പഞ്ചായത്തിൽ അംഗൻവാടികളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഫണ്ടുകൾ യഥാസമയം വിനിയോഗിക്കാത്തത് കുരുന്നുകളെ ദുരിതത്തിലാക്കുന്നു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവയ്ക്കും അപകടാവസ്ഥയിലായവയ്ക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ടെന്നും പലയിടത്തും കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നതായും അധികൃതർ പറയുന്നുണ്ട്. എന്നാൽ ഇപ്പോഴും വാടകയ്ക്കെടുത്ത ചായ്പുകളിലും, കുടുസു മുറികളിലും പഠനം തുടരേണ്ട ഗതികേടിലാണ് കുട്ടികൾ.

16ൽ പരം കുട്ടികൾ പഠിക്കുന്ന പാങ്ങോട് ഉളിയൻകോട് അംഗൻവാടി വർഷങ്ങൾ പഴക്കമുള്ള ഒാടിട്ട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ചുവരുകൾക്ക് ബലക്ഷയം വന്നും ഒാടുകൾ പൊട്ടി ഇളകിയുമിരിക്കുന്ന ഈ കെട്ടിടത്തിൽ മഴ പെയ്താൽ മുറിക്കുള്ളിൽ കുട പിടിച്ചിരിക്കേണ്ട അവസ്ഥയാണ്. പുറത്തുള്ള ടോയ്ലെറ്റും അപകടാവസ്ഥയിലായതിനാൽ കുട്ടികളെ അവിടേക്ക് വിടാതായി.

സ്വന്തമായി സ്ഥലമുണ്ടായിട്ടും വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട ഗതികേടിലാണ് തൃക്കോവിൽവട്ടം അംഗൻവാടി. 3 വർഷം മുൻപ് കെട്ടിടം അപകടാവസ്ഥയിലായപ്പോൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ പണികൾ തുടങ്ങിയിരുന്നു. എന്നാൽ കരാറുകാരൻ പഴയ കെട്ടിടത്തിന്റെ മേൽക്കൂര മാത്രം മാറ്റി ബലക്ഷയമുള്ള ഭിത്തിയുടെ മേൽ കോൺക്രീറ്റ് ചെയ്യാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. പരാതികൾ പരിഹരിച്ചു പണികൾ പൂർത്തിയാക്കി അംഗൻവാടി പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ അധികം വൈകാതെ കെട്ടിടം പഴയ സ്ഥിതിയിലായതോടെ വീണ്ടും വാടക കെട്ടിടത്തിലേക്ക് മാറുകയാണുണ്ടായത്. 2 വർഷമായി ഈ അംഗൻവാടിയുടെ പ്രവർത്തനം വാടക കെട്ടിടത്തിലാണ്. നാട്ടുകാരിലൊരാൾ പഞ്ചായത്തിന് സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്താണ് ഇത് പ്രവർത്തിച്ചിരുന്നത്.

കാക്കാണിക്കര അംഗൻവാടിയുടെ അവസ്ഥയും വിഭിന്നമല്ല. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് ഇതിന്റെ പ്രവർത്തനം സമീപത്തെ വായനശാലയിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ വായനശാല ഭാരവാഹികൾ നവീകരണത്തിനായി തങ്ങളുടെ കെട്ടിടം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനി കുട്ടികളുമായി എവിടേക്ക് മാറുമെന്ന ആശങ്കയിലാണ് അംഗൻവാടി ജീവനക്കാർ. കാക്കാണിക്കര അംഗൻവാടിക്ക് പുതിയ കെട്ടിടത്തിനായി അനുവദിച്ച ഫണ്ടുകളുടെ ഫയൽ സർക്കാർ ഒാഫീസുകളിൽ ഉറങ്ങുന്നതിനാലാണ് ഈ അവസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു.