nayana-

തിരുവനന്തപുരം: സഹസംവിധായികയായി ചെറുപ്രായത്തിലേ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ നയനസൂര്യനെ (28) വാടകവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് വഴുതക്കാട് ആൽത്തറയിലെ വാടകവീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമായില്ലെന്നും പൂർണ റിപ്പോർട്ട് പുറത്തുവന്നാലേ പറയാനാകൂവെന്നും മ്യൂസിയം പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി അഴീക്കൽ സൂര്യൻ പറമ്പിൽ ദിനേശന്റെയും ഷീലയുടെയും ഇളയ മകളാണ്. തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിനുവച്ച ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് ആറ് മണിയോടെ അഴീക്കലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ശനിയാഴ്ച നയനയുടെ പിറന്നാളായിരുന്നു. വിശേഷദിനത്തിൽ മകളെ അമ്മ പലവട്ടം ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. നയനയ്ക്കൊപ്പം താമസിക്കുന്ന കൂട്ടുകാരിയും സ്ഥലത്തുണ്ടായിരുന്നില്ല. മറ്റു കൂട്ടുകാരെ വിളിച്ചുപറഞ്ഞ് അവർ രാത്രി വൈകി വീട്ടിൽ പോയി നോക്കിയപ്പോഴാണ് ബോധരഹിതമായ നിലയിൽ കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജന്മനാ ഡയബറ്റിക് പേഷ്യന്റ് ആയിരുന്നു.

ലെനിന്റെ പ്രിയ ശിഷ്യ

10 സംവിധായകർ ഒത്തുചേർന്ന ക്രോസ് റോഡ് എന്ന സിനിമാ പരമ്പരയിലെ 'പക്ഷിയുടെ മണം' സംവിധാനം ചെയ്ത നയന ലെനിൻ രാജേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയും പ്രിയ ശിഷ്യയുമായിരുന്നു. ലെനിൻ രാജേന്ദ്രനൊപ്പം മകരമഞ്ഞ്, ഇടവപ്പാതി എന്നീ സിനിമകളിലും നാല് ഡോക്യുമെന്ററികളിലും 'ആശ്രിതരുടെ ആകാശം' എന്ന ടെലിഫിലിമിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. കമൽ (സെല്ലുലോയ്ഡ്, ഉട്ടോപ്യയിലെ രാജാവ്), ഡോ.ബിജു (ആകാശത്തിന്റെ നിറം), ജീത്തു ജോസഫ് (മെമ്മറീസ്), ജൂനൂസ് മുഹമ്മദ് (100 ഡേയ്സ് ഒഫ് ലവ്) എന്നിവരുടെ സംവിധാന സഹായിയുമായിരുന്നു. നിരവധി പരസ്യചിത്രങ്ങളും സ്റ്റേജ് ഷോകളും ഒരുക്കിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളേജിൽ ഫിലോസഫി ബിരുദ പഠനത്തിനായിട്ടാണ് 2008ൽ തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് സി-ഡിറ്റിൽ ഫിലിം എഡിറ്റിംഗ് പഠിച്ച് സിനിമാമേഖലയിലെത്തി. തലസ്ഥാനത്തെ ബദൽ സിനിമാ കൂട്ടായ്മകളിലെയും ഐ.എഫ്.എഫ്‌.കെ വേദികളിലെയും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. സ്വന്തം നാടായ ആലപ്പാടിനെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാനും സ്വതന്ത്രസിനിമ ചെയ്യാനുമുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു മരണം. മധു, പ്രവീണ എന്നിവരാണ് സഹോദരങ്ങൾ.