ksrtc

തിരുവനന്തപുരം: പത്തു വർഷത്തിലേറെ സർവീസുള്ള എംപാനൽ കണ്ടക്ടർമാരെ തിരിച്ചെടുക്കാൻ നിയമപരമായി എന്തെങ്കിലും തടസങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ ഗതാഗതവകുപ്പ് നിയമവകുപ്പിന്റെ ഉപേദേശം തേടി.

കോടതി ഉത്തരവിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഒഴിവാക്കിയ 3861 എംപാനൽ കണ്ടക്ടർമാരിൽ 1700 പേർ 10 വർഷം പിന്നിട്ടവരാണ്. ഇതിൽ 1500 പേർ ഇതുവരെ മറ്റൊരു ജോലിയും ലഭിക്കാത്തവരുമാണ്.

ഇവരെ തിരിച്ചെടുക്കുന്നകാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഇവരെ തിരിച്ചെടുത്താൽ നിയമപരമായി എന്തെങ്കിലും തടസങ്ങളുണ്ടാകുമെങ്കിൽ അത് എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നത് സംബന്ധിച്ച് ഗതാഗതവകുപ്പ് നിയമവകുപ്പിന്റെ ഉപേദേശം തേടിയിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവരോടു മാനുഷിക പരിഗണന കാട്ടണമെന്നാണ് പൊതുവെയുള്ള വികാരം. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കു വരും.

റിസർവ് കണ്ടക്ടർ തസ്‌തികയിൽ അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാത്തവർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് താത്കാലികക്കാരെ പിരിച്ചുവിട്ടത്. തുടർന്ന് അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേർക്ക് നിയമന ഉത്തരവ് അയച്ചെങ്കിലും 1422 പേർ മാത്രമാണ് ജോലിക്കെത്തിയത്. അതിൽ നൂറിലേറെ പേർ അവധിക്കും അപേക്ഷിച്ചു. ഇപ്പോൾ ജോലിക്കെത്തിയവരുടെയും പിരിച്ചുവിട്ട എംപാനലുകാരുടെയും കണക്കുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ 2439 ഒഴിവുകൾ ഇനിയും ബാക്കിയുണ്ട്. അതുകൊണ്ടു 10 വർഷം പിന്നിട്ടവരെ തിരിച്ചെടുത്താൽ പ്രത്യക്ഷത്തിൽ എതിർപ്പ്‌ ഉണ്ടാകില്ല. നിലവിലുള്ള ഒഴിവുകളിൽ താത്കാലിക നിയമനം നടത്താൻ കോർപറേഷനും കഴിയും. ജോലി തിരികെ തന്നില്ലെങ്കിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് എംപാനലുകാർ ഒരു മാസത്തിലേറെയായി സമരത്തിലാണ്.

നിയമ വെല്ലുവിളികൾ ശേഷിക്കുന്നു

 കെ.എസ്.ആർ.ടി.സി നിയമനം പി.എസ്.സി വഴിയേ പാടുള്ളൂ

 179 ദിവസത്തേക്കുള്ള താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചു വഴി മാത്രം

 കാലാവധി കഴിഞ്ഞവരെ പിരിച്ചു വിടേണ്ട നടപടി കെ.എസ്.ആർ.ടി.സി തന്നെ ലംഘിച്ചു

 അഡ്വൈസ് മെമ്മോ ലഭിച്ചവരുടെ കേസിൽ എംപാനലുകാർ കക്ഷിചേർന്നതും ഉത്തരവ് പ്രതികൂലമാക്കി

 എംപാനലുകാരെ തിരിച്ചെടുത്താൽ കോടതി സർക്കാരിനെതിരെ തിരിഞ്ഞേക്കാം

'ജോലി ചെയ്യുന്നവരോടു മാനുഷിക പരിഗണന കാട്ടണമെന്നാണ് താത്പര്യം. കോടതിയിൽ നിന്ന് തിരിച്ചടി കിട്ടാത്ത രീതിയിലുള്ള തീരുമാനമെടുക്കാനാണ് ശ്രമം. അതിനുള്ള എല്ലാവശവും പരിശോധിക്കുന്നുണ്ട്".

- എ.കെ. ശശീന്ദ്രൻ, ഗതാഗത മന്ത്രി