തിരുവനന്തപുരം: രാജ്യത്തെ യുവാക്കൾ ജോലിയ്ക്കല്ല, രാഷ്ട്രീയത്തിലിറങ്ങി പ്രധാനമന്ത്രിയാകാനാണ് ശ്രമിക്കേണ്ടതെന്ന് ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യകുമാർ പറഞ്ഞു. നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ദേശീയ സ്റ്റുഡന്റ്സ് പാർലമെന്റിൽ പ്ളീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി.എസ്.സി എഴുതിയാൽ പ്രധാനമന്ത്രിയുടെ സെക്രട്ടറിയാകും എൻജിനിയറിംഗ് പഠിച്ചാൽ ട്വിറ്റർ നോക്കുന്നയാളാകും.എം.ബി.എ പാസായാൽ പ്രധാനമന്ത്രിയുടെ പിന്നാലെ നടക്കും. ഇവിടെ ശബരിമലയിലെ സ്ത്രീ പ്രവേശനം മുതൽ ക്രിക്കറ്റ് കളി വരെ എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയും അവരുടെ രാഷ്ട്രീയവുമാണ്. നാം വിചാരിക്കുന്നത് നടക്കണമെങ്കിൽ നേടേണ്ടത് അതാണ്. രാഷ്ട്രീയം വെറും വോട്ടുകുത്തലല്ല. വ്യക്തികളും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെ നടപ്പാക്കുന്ന സംവിധാനമാണ്. അതിൽ നിന്ന് യുവാക്കൾ മാറിനിൽക്കരുത്. സ്വാതന്ത്രത്തിന് വേണ്ടി രാജ്യം വിട്ടുപോകുകയല്ല. ഇവിടെ നിന്നുകൊണ്ട് ശബ്ദിക്കാനും വൈവിധ്യങ്ങൾ സംരക്ഷിക്കാനും ഉള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയാണ് വേണ്ടത്. പാരമ്പര്യവാദം അവസാനിപ്പിക്കാൻ കഴിവുള്ളയുവാക്കൾ രാഷ്ട്രീയത്തിലും ഭരണനേതൃത്വത്തിലുമെത്തണമെന്നും കനയ്യകുമാർ പറഞ്ഞു.
പരിപാടിയിൽ യുവജനകമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജറോം, കെ.കെ.രാഗേഷ് എം.പി, ഡോ. വൽസൺ തമ്പു, ഡോ.ബിജു ലക്ഷ്മൺ, എം. എൽ. എമാരായ കെ.എസ്. ശബരീനാഥൻ, സി.കെ.ആശ തുടങ്ങിയവർ സംസാരിച്ചു.