kadakampally

തിരുവനന്തപുരം: സാക്ഷരതാമിഷനും തിരുവനന്തപുരം നഗരസഭയും ചേർന്ന് നടപ്പിലാക്കിവരുന്ന അക്ഷരശ്രീ പദ്ധതിയുടെ പ്രവേശനോത്സവം അബുസാബീവിക്ക് സാക്ഷരതാ പാഠപുസ്തകം നൽകി മന്ത്രി കടകംപള്ളി സരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുത്തൻപള്ളി വാർഡിൽ മിൽക്ക് കോളനി നിവാസിയാണ് അബുസാബീവി. ചെറുപ്പത്തിൽ പഠിക്കാൻ ഏറെ താത്പര്യം ഉണ്ടായിരുന്നെങ്കിലും കുടുംബ പ്രാരാബ്ദങ്ങൾ വിലങ്ങുത്തടിയായെന്ന് ഈ മുത്തശ്ശി പറയുന്നു. മാർച്ച് 15ന് ആരംഭിക്കുന്ന അക്ഷരശ്രീ ക്ലാസുകളുമായി ബന്ധപ്പെട്ട് ഇൻസ്ട്രക്ടർമാരുടെ പരിശീലനം പൂർത്തിയായി. സാക്ഷരത മുതൽ ഹയർസെക്കൻഡറി തുല്യതവരെയുള്ള വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത 8500 പഠിതാക്കളുടെ പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്.
സാക്ഷരത, നാല്, ഏഴ്, പത്ത് തുല്യതാ ക്ലാസുകളിൽ പൂർണമായും സ്ത്രീ പഠിതാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. പുഷ്പലത, സാക്ഷരതാ മിഷൻ അസി. ഡയറക്ടർ കെ. അയ്യപ്പൻനായർ, ഫിനാൻസ് ഓഫീസർ അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.