photoനെടുമങ്ങാട്: അധികൃതരുടെ അപ്രതീക്ഷിത പിന്മാറ്റത്തിലൂടെ അനിശ്ചിതത്വത്തിലായ പഴകുറ്റി -വഴയില നാലുവരിപ്പാതയ്ക്കായി കൈകോർത്ത് വിദ്യാർത്ഥികൾ. ''നാലുവരിപ്പാത : പുതിയ തലമുറയുടെ സ്വപ്നം'' എന്ന സന്ദേശവുമായി വഴയില മുതൽ നെടുമങ്ങാട് വരെ ഇരുവശത്തുമുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് വിദ്യാർത്ഥി കൂട്ടായ്മ നാടിന്റെ വികസന മുന്നേറ്റത്തിൽ മാതൃകയായി. സ്ഥലമെടുപ്പ് സംബന്ധിച്ച് ഉയർന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ജനങ്ങൾ ഒന്നടങ്കം നാലുവരിപ്പാതയ്ക്കായി രംഗത്തിറങ്ങുമെന്നും വിദ്യാർത്ഥികൾ തയാറാക്കിയ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിലെ വോളന്റിയർമാരാണ് കൊടും വേനലിനെ അവഗണിച്ച് നാലുവരിപ്പാത എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി രംഗത്തിറങ്ങിയത്. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന അമ്പതംഗ സംഘം റോഡ് വികസനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി. സ്ഥലമെടുപ്പിനെ ചൊല്ലി പ്രതിഷേധം ഉയർന്ന പ്രദേശങ്ങളിൽ ലഘുലേഖ വിതരണം നടത്തി. എതിർപ്പിന്റെ മറവിൽ കിഫ്‌ബി ഫണ്ട് പിൻവലിച്ച് പദ്ധതിയിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയാണെന്ന് വോളന്റിയർമാർ അറിയിച്ചപ്പോൾ തങ്ങൾക്ക് എതിർപ്പ് ഇല്ലെന്നും നാലുവരിപ്പാത നാടിന്റെ ആവശ്യമാണെന്നും സ്ഥലവാസികൾ സർവേ രജിസ്റ്ററിൽ എഴുതി നൽകി.

അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയാൽ എതിർപ്പ് പൂർണമായി ഇല്ലാതാവുമെന്നാണ് സർവേ ടീമിന്റെ വിലയിരുത്തൽ. വീടും വസ്തുവും വിട്ടു നൽകിയാൽ അതിനു പകരമായി റോഡരികിൽ സ്ഥലം അനുവദിച്ചാൽ മതിയെന്നാണ് പൊതുവെ ഉയർന്ന നിർദ്ദേശം. മുന്നൂറോളം വീടുകളും കടകളും സന്ദർശിച്ച വോളന്റിയർമാർ തയാറാക്കിയ റിപ്പോർട്ട് കേരളകൗമുദി 28 ന് റവന്യു ടവറിൽ സംഘടിപ്പിച്ചിട്ടുള്ള നാലുവരിപ്പാത : സങ്കല്പമോ,യാഥാർത്ഥ്യമോ '' എന്ന സംവാദത്തിൽ അവതരിപ്പിക്കും.