തിരുവനന്തപുരം: കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും കെ.പി.സി.സി. പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാസർകോട് എം.പിയും എം.എൽ.എയും എന്തിനാണ് ഒന്നാം പ്രതിയായ പീതാംബരന്റെ വീട് സന്ദർശിച്ചത്. ഇതോടെ കേസ് അന്വേഷണം നേരെ നടക്കില്ലെന്ന് ഉറപ്പായി. സുരക്ഷ നൽകുമെന്നാണ് ഒന്നാം പ്രതിയുടെ വീട്ടിൽ ചെന്ന് എം.പിയും എം.എൽ.എയും പറഞ്ഞത്. ഉദുമ മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ ഒന്നാം പ്രതിയുടെ വീട്ടിൽ ചെന്ന് പണം നൽകി. ഒരാഴ്ച പിന്നിട്ട് ഇന്നലെ മാത്രമാണ് പോലീസ് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളുടെ മൊഴിയെടുത്തത്. പ്രതികളെ ഹാജരാക്കി കേസ് തേച്ചുമായ്ച്ച് കളയുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. പൊലീസിന്റെ കൈകൾ ബന്ധിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനെ പുറത്താക്കിയ കോടിയേരി സംഘർഷങ്ങളെ ന്യായീകരിക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുമെന്ന ഭീതിയാണ് കോടിയേരിക്ക്. മത്സരിക്കുന്ന നാല് സീറ്റുകളിൽ ജയിക്കാൻ ഇത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന നിലപാടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ മുഖ്യമന്ത്രി പോകാത്തത് അദ്ദേഹത്തിന് താത്പര്യമില്ലാത്തതുകൊണ്ടാണ്. മുഖ്യമന്ത്രിക്ക് മരണവീട്ടിൽ പോകാൻ ആരുടേയും അനുവാദം ആവശ്യമില്ല. വേണമെങ്കിൽ പ്രതിപക്ഷ നേതാവിനോട് ചോദിക്കാമായിരുന്നു. മുഖ്യമന്ത്രി വരാൻ തയ്യാറായിരുന്നെങ്കിൽ മരിച്ചവരുടെ വീട് സന്ദർശിക്കാൻ പാർട്ടി സൗകര്യമൊരുക്കുമായിരുന്നു. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തൻ എത്രദിവസം ജയിലിൽ കിടന്നെന്നും കുഞ്ഞനന്തൻ പരോളിലിറങ്ങിയത് ക്വട്ടേഷൻ ഏറ്റെടുക്കാനാണോ എന്നും പരിശോധിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.