nayana

തിരുവനന്തപുരം: എക്കാലവും എല്ലാവരും ഓർമ്മിക്കുന്ന ഒരു സിനിമ എഴുതി സംവിധാനം ചെയ്യുക എന്നതായിരുന്നു നയനയുടെ സ്വപ്നം. അതിനുശേഷം കഴിയാവുന്നത്രയും കാലം സിനിമയിൽ തുടരണം. അതിലേക്കുള്ള പടവുകളായിരുന്നു എട്ടു വർഷമായി നയന നടന്നുകയറിയത്. സ്വതന്ത്ര സംവിധായികയെന്ന ആഗ്രഹത്തിലേക്കുള്ള ശരിയായ സഞ്ചാരമായിരുന്നു അത്. അതിലേക്ക് നടന്നടുക്കവേ തീർത്തും അപ്രതീക്ഷിതമായാണ് ചുവട് ഇടറിയത്.

അഴീക്കലിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്ന് 10 വർഷം മുമ്പാണ് നയന തിരുവനന്തപുരം നഗരത്തിലെത്തിയത്. യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി ബിരുദ പഠനകാലത്തുതന്നെ സിനിമ തലയ്ക്കുപിടിച്ചു. തലസ്ഥാനത്തെ ബദൽ സിനിമാ കൂട്ടായ്മകളിലും ഐ.എഫ്.എഫ്.കെ വേദികളിലും സ്ഥിരം സാന്നിദ്ധ്യമായതോടെ ചലച്ചിത്രപ്രവർത്തകരുമായി പരിചയത്തിലായി. ഈ അടുപ്പത്തിലാണ് 2010ൽ ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിൽ സംവിധായ സഹായിയായത്.


ഇറാനിയൻ സിനിമകളോട് നയനയ്ക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നു. സ്ത്രീകേന്ദ്രീകൃത കഥകൾ വിഷയമാക്കി 10 സംവിധായകർ ഒത്തുചേർന്ന 'ക്രോസ്റോഡ്‌സി'ലെ ഒരു സിനിമയായ 'പക്ഷിയുടെ മണം' സംവിധാനം ചെയ്തതോടെയാണ് സ്വതന്ത്ര സിനിമ ചെയ്യാമെന്ന ആത്മവിശ്വാസം കൈവന്നത്.