നെയ്യാറ്റിൻകര: നഗരസഭാ പ്രദേശത്ത് വികസനം ഇല്ലാതെയും ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കാതെയും നരകിക്കുമ്പോൾ, സർക്കാർ അനുവദിച്ച ഫണ്ടിൽ പകുതി പോലും ചെലവിടാതെ നെയ്യാറ്റിൻകര നഗരസഭ, ഏറ്റവും മോശപ്പെട്ട നഗരസഭകളുടെ പട്ടികയിൽ ഇടം നേടിയെന്നാണ് ആക്ഷേപം. സർക്കാർ അനുവദിച്ച ഫണ്ടിൽ 45 ശതമാനത്തിൽ താഴെ മാത്രം ചിലവിട്ട സംസ്ഥാനത്തെ 3 നഗരസഭകളിൽ ഒന്നായി നെയ്യാറ്റിൻകര നഗരസഭ മാറി. സാമ്പത്തികവർഷം അവസാനിക്കാൻ കഷ്ടിച്ച് ഒരുമാസം മാത്രമുള്ളപ്പോൾ നെയ്യാറ്റിൻകര നഗരസഭക്ക് അനുവദിച്ച പകുതിയിലേറെ ഫണ്ട് ഇനിയും ചിലവാക്കിയിട്ടില്ല. മുൻ വർശത്തെ തുക പദ്ധതികൾക്കായി ചെലവാക്കാതെയാണ് പുതിയ സാമ്പത്തികവർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു.
ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നില്ല. അതേ സമയം ഇതിലേക്ക് അനുവദിച്ച ഫണ്ട് പകുതിയും ചെലവാക്കിയിട്ടുമില്ല. 2018-19 സാമ്പത്തികവർഷം 27 കോടി രൂപയാണ് ഇതിലേക്കായി സർക്കാരിൽനിന്നു ലഭിച്ചത്. ഇതിൽ 42.38 ശതമാനം മത്രമേ ചെലവിട്ടുള്ളു. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകി 3 വർഷം
കഴിഞ്ഞിട്ടും തുക ലഭിക്കാത്തവരുണ്ട്.
കഴിഞ്ഞ വർഷം അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും മറ്റുമായി 88 പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. ഒപ്പം കഴിഞ്ഞ ബഡ്ജറ്റിൽ അവതരിപ്പിച്ച 216 പദ്ധതികളും പൂർത്തിയായിട്ടില്ല. പദ്ധതി തുകയിൽ പലതും വക മാറ്റി ചെലവിട്ടതും പദ്ധതി നിർവഹണത്തെ ബാധിച്ചു. ഒരുകോടി രൂപ വകയിരുത്തിയ പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം എങ്ങുമെത്തിയിട്ടില്ല. ഭൂമിയും ഏറ്റെടുത്തില്ല. അക്ഷയ വാണിജ്യ സമുച്ചയ വളപ്പിലെ രണ്ടാമത്തെ സമുച്ചയം കഴിഞ്ഞ മാസം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നിലച്ചു. ഈരാറ്റിൻപുറം ടൂറിസം വില്ലേജ് ആക്കുമെന്ന് പ്രഖ്യാപിച്ചതും ഫണ്ട് വക മാറ്റിയത് കാരണം നടക്കാതെ പോയി. ഓരോ ബഡ്ജറ്റിലും പദ്ധതികൾക്കായി തുക വകയിരുത്തുന്നുണ്ടെങ്കിലും പദ്ധതികൾ നടപ്പാക്കാതെയും വികസനം മുരടിച്ചും നിൽക്കുന്നതിൽ നാട്ടുകാർക്ക് പരക്കെ അതൃപ്തിയുണ്ട്.