g-sudhakaran

തിരുവനന്തപുരം: ആയിരം ദിനങ്ങൾ പൂർത്തിയാക്കുന്ന പിണറായി സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് 1209 പദ്ധതികൾ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. നിർമ്മാണം ആരംഭിക്കുന്നതും പൂർത്തിയാക്കുന്നതുമായ 3277കോടി രൂപയുടെ 323 റോഡുകളും പാലങ്ങളും, 661 കോടി ചെലവിടുന്ന 249 കെട്ടിടങ്ങളും, 530 കോടി രൂപയുടെ 637 റോഡുകളുമാണ് സമർപ്പിക്കുക. പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമ്മാണത്തിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുകയും പ്രളയാനന്തരം 3133 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുകയും ചെയ്തു. നവീന സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള നിർമ്മാണ രീതിക്കാണ് മുൻഗണന. ഇതോടൊപ്പം സർക്കാരിന്റെ വികസന കാഴ്ചപ്പാടിനോടൊപ്പം നിൽക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.