തിരുവനന്തപുരം: കർഷകരുടെ അക്കൗണ്ടിലേക്കു പണം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ചേരാൻ സംസ്ഥാനത്തു നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേർ. 2.61 ലക്ഷംപേർ സാമ്പത്തിക ആനുകൂല്യം ലഭിക്കാൻ അർഹത നേടി.
മറ്റുള്ളവരുടെ രേഖകൾ പരിശോധനാ ഘട്ടത്തിലാണ്. രേഖകൾ പരശോധിച്ചതിൽ 9,624 അപേക്ഷകൾ തള്ളി. ഒരു വർഷം 6,000 രൂപയാണു കർഷകർക്കു ലഭിക്കുന്നത്. ആദ്യ ഗഡുവായ 2,000 രൂപ ലഭിക്കുന്നതിന് മാർച്ച് 31 വരെ കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കാം. കർഷകർക്ക് പദ്ധതിയിൽ എപ്പോൾ വേണമെങ്കിലും പങ്കാളിയാകാൻ സാധിക്കുമെന്നു കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. ആദ്യഗഡുവായ 2,000 രൂപ ലഭിക്കണമെങ്കിൽ മാർച്ച് 31ന് മുൻപു പേരു നൽകണം. ഒരു വർഷം നൽകുന്ന 6,000 രൂപ മൂന്നു ഗഡുക്കളായാണു വിതരണം ചെയ്യുന്നത്. ആദ്യഗഡു 2018 ഡിസംബർ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലേതാണ്. ഏപ്രിൽ മുതൽ ജൂലായ് വരെയാണു രണ്ടാം ഗഡു. അപേക്ഷിക്കുന്ന അർഹരായവർക്കു മാത്രം അക്കൗണ്ടിൽ പണമെത്തും.
പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സന്ദേശങ്ങളായി കർഷക ഡേറ്റാ ബാങ്കിൽ നൽകിയിട്ടുളള മൊബൈൽ നമ്പരിൽ ലഭിക്കും. 2 ഹെക്ടറിൽ കവിയാത്ത കൃഷിഭൂമിയുളള കുടുംബത്തിന് ആനുകൂല്യം ലഭിക്കും.
അപേക്ഷിക്കാൻ
ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് പകർപ്പുകൾ, കരമടച്ച രസീത്, ഒറിജിനൽ റേഷൻ കാർഡ് എന്നിവയുമായി കൃഷി ഓഫിസിൽ അപേക്ഷിക്കാം. റേഷൻ കാർഡിൽ പേരുള്ള ഒരു കുടുംബത്തിന് 6000 രൂപ മാത്രമേ ലഭിക്കൂ. കാർഡിൽ പേരുള്ള കുടുംബാംഗങ്ങൾ എല്ലാവരും അപേക്ഷ നൽകിയാലും ഒരു കുടുംബത്തിനു 6000 രൂപയേ ലഭിക്കൂ. 5 ഏക്കർ വരെയാണു സഹായത്തിനു പരിധി നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടില്ല.