leo-messi-hattrick
leo messi hattrick

കഴിഞ്ഞദിവസം സെവിയ്യ‌യ്ക്കെതിരായ സ്പാനിഷ് ലാലിഗ മത്സരം 4-2ന് ബാഴ്സലോണ വിജയിച്ചപ്പോൾ ഫുട്ബാൾ ആരാധകർ വിസ്മയിച്ചുപോയത് ഇതിഹാസതാരം ലയണൽ മെസിയുടെ അത്യുജ്വല പ്രകടനം കണ്ടാണ്. ബാഴ്സയുടെ മൂന്ന് ഗോളുകൾ നേടുകയും നാലാമത്തേതിന് വഴിയൊരുക്കുകയും ചെയ്ത മെസി കരിയർ ഹാട്രിക്കുകളിൽ അർദ്ധസെഞ്ച്വറി തികയ്ക്കുകയും ചെയ്തു. ആദ്യപകുതിയിൽ 1-2ന് പിന്നിൽനിന്ന ശേഷമായിരുന്നു ബാഴ്സയുടെ വിജയം. കാണികളെ ഏറ്റവുമധികം ത്രില്ലടിച്ചത് 26-ാം മിനിട്ടിൽ തകർപ്പനൊരു വോളി ഷോട്ടിലൂടെ മെസി നേടിയ ഗോളാണ്. 67, 85 മിനിട്ടുകളിലായിരുന്നു മെസിയുടെ മറ്റു ഗോളുകൾ. ഇർജുറി ടൈമിലാണ് സുവാരേസിന് ഗോളടിക്കാൻ പന്തെത്തിച്ചത്.

സെവിയ്യയുടെ തട്ടകമായ റാമോൺ സാഞ്ചസ് പിഷ്വാൻ സ്റ്റേഡിയത്തിൽ 22-ാം മിനിട്ടിൽ ജീസസ് നവാസ് നേടിയ ഗോളിന് ആതിഥേയർ മുന്നിലായിരുന്നു. 26-ാം മിനിട്ടിൽ മെസി സമനില പിടിച്ചു. 42-ാം മിനിട്ടിൽ മെർക്കാഡോമിലൂടെ സെവിയ്യ വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയിൽ അപാര ഫോമിലേക്ക് ഉയർന്ന മെസി ബാഴ്സയെ മിന്നുന്ന വിജയത്തിലേക്ക് നയിച്ചു.

ഇതിന് മുമ്പ് നടന്ന അഞ്ച് മത്സരങ്ങളിൽ മൂന്ന് സമനിലകൾ വഴങ്ങിയ ബാഴ്സലോണയ്ക്ക് ഇൗ വിജയം ഇൗവാരത്തിൽ റയൽ മാഡ്രിഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് എൽ ക്ളാസിക്കോകളിലും ആത്മവിശ്വാസം നിറയ്ക്കും.

50

തന്റെ കരിയറിലെ 50-ാമത്തെ ഹാട്രിക്കാണ് മെസി സെവിയ്യയ്ക്കെതിരെ നേടിയത്. ബാഴ്സലോണയ്ക്കുവേണ്ടി നേടുന്ന 44-ാമത്തെ ഹാട്രിക്കാണിത്. ഒരു സ്പാനിഷ് ക്ളബിനുവേണ്ടി ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടുന്ന താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കാഡിനൊപ്പമെത്തുകയും ചെയ്തു.

10

ഇൗ വിജയത്തോടെ പത്തുപോയിന്റ് വ്യത്യാസത്തിൽ ലാലിഗയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. 25 മത്സരത്തിൽ നിന്ന് 57 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 24 മത്സരങ്ങളിൽനിന്ന് നേടാനായത് 47 പോയിന്റാണ്.

25

ഗോളുകളാണ് ഇൗ സീസൺ ലാലിഗയിൽ മെസി ഇതുവരെ നേടിയിരിക്കുന്നത്. സീസൺ ടോപ് സ്കോറർ പട്ടികയിൽ മെസിക്ക് പിന്നിൽ രണ്ടാംസ്ഥാനത്തുള്ള ലൂയിസ് സുവാരേസ് നേടിയിരിക്കുന്നത് 16 ഗോളുകൾ മാത്രം.

വിസ്മയഗോൾ

സെവിയ്യയ്ക്കെതിരെ 26-ാം മിനിട്ടിലാണ് കാണികളെ അതിശയിപ്പിച്ച് മെസി ഗോൾ പിറന്നത്. ഇടതുവിംഗിൽനിന്ന് ഡിഫൻഡർമാർക്കിടയിൽ നിന്ന മെസിയെ ലക്ഷ്യമാക്കി വന്ന റാക്കിട്ടിച്ചിന്റെ അനിതരസാധാരണ കൃത്യതയുള്ള ക്രോസിനെ ഞൊടിയിടയിൽ ഇടം കാലൻ വോളിയിലൂടെ മെസി വലയ്ക്കകത്താക്കിയപ്പോൾ സെവിയ്യ ഗോളി അന്തിച്ചുനിന്നുപോയി.

വരുന്നു രണ്ട് എൽ ക്ളാസിക്കോകൾ

ഒരേയാഴ്ച രണ്ട് എൽ ക്ളാസിക്കോകൾക്ക് സാക്ഷ്യം വഹിക്കാനുള്ള അസുലഭാവസരമാണ് ഫുട്ബാൾ പ്രേമികൾക്ക് കൈവന്നിരിക്കുന്നത്. വരുന്ന വ്യാഴാഴ്ചയും ഞായറാഴ്ചയുമാണ് ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള സൂപ്പർ പോരാട്ടങ്ങൾ. രണ്ടും നടക്കുന്നത് റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ്.

വ്യാഴാഴ്ച സ്പാനിഷ് കിംഗ്സ് കപ്പിന്റെ രണ്ടാംപാദ സെമിഫൈനലിലാണ് ഇരുവമ്പൻമാരും ഏറ്റുമുട്ടുന്നത്. ഇൗമാസം രണ്ടിന് ബാഴ്സലോണയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ സെമിഫൈനൽ 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.

സ്പാനിഷ് ലാലിഗയിലെ എൽ ക്ളാസിക്കോ മത്സരമാണ് ഞായറാഴ്ച രാത്രി നടക്കുന്നത്.