
നെയ്യാറ്റിൻകര: സമൂഹത്തിന്റെ സമ്പത്ത് വിദ്യയാണെന്ന ഗുരുവചനം സാക്ഷാത്കരിച്ചിരുന്നുവെങ്കിൽ കേരളത്തിലെ നവോത്ഥാന പ്രക്രിയ സമ്പൂർണമാകുമായിരുന്നെന്ന് അടൂർ പ്രകാശ് എം.എൽ.എ പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠയുടെ 131ാമത് വാർഷികത്തിന്റെയും ശിവരാത്രിമഹോത്സവത്തിന്റെയും ഭാഗമായി 'മാനസിക അടിമത്വ ത്തിൽ നിന്നുള്ള മോചനം അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ' എന്ന വിഷയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിമത വേർതിരിവുകൾക്കപ്പുറം മുന്നോട്ട് പോകേണ്ട കാലഘട്ടമാണിത്. ശ്രീനാരായണഗുരു പ്രയത്നിച്ചത് മനുഷ്യത്വമുള്ള ഒരുസമൂഹത്തിനായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ആരെയും അകറ്റിനിറുത്തരുതെന്നും അടൂർ പ്രകാശ് പറഞ്ഞു.
അറിവ് ആൾക്കൂട്ട ത്തിനല്ല, അതന്വേഷി ച്ച് വരുന്നവർക്കാണ് നൽകേണ്ടതെന്ന് അദ്ധ്യക്ഷനായ ഡോ. ഗബ്രിയേൽ മാർഗ്രിഗോറിയസ് മെത്രാപ്പൊലീത്ത പറഞ്ഞു. മാനസിക അടിമത്വത്തിൽ നിന്നുള്ള മോചനം അറിവിലൂടെ മാത്രമെന്നാണ് ഗുരു പറഞ്ഞത്. അറിവ് ദൈവം തന്നെയാണ്. ഗുരു അറിവിനെപ്പറ്റി എപ്പോഴും സംസാരിച്ചതും അതുകൊണ്ടാണ്. അറിവിനെ ആർത്തിയോടെ സ്‌നേഹിക്കുന്നവരാണ് ഭാരതീയർ. അറിവ് നിറഞ്ഞുകഴിയുമ്പോൾ അവിടെ ജാതിമതലിംഗ ഭേദമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എം.ജി ഡയറക്ടർ ഡോ.കെ.ജയകുമാർ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ എന്നിവരും സംസാരിച്ചു. ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ സ്വാഗതവും അരുവിപ്പുറം പ്രചാരസഭ ചീഫ് കോർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് നന്ദിയും പറഞ്ഞു.