തിരുവനന്തപുരം: പെൺസുരക്ഷയ്ക്കായി ആധുനികലോകത്ത് സ്വീകരിക്കേണ്ട കാഴ്ചപ്പാടുകൾ നിഷിലെ ബാലുവും ബോബിനും ജിഷ്ണുവും വരയിലൂടെ തീർത്തപ്പോൾ മുഖത്ത് വിരിഞ്ഞത് പുഞ്ചിരി. ജന്മനാ സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്ത മൂവരും വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചനയിൽ സ്ത്രീ സുരക്ഷയ്‌ക്കായി പോസ്റ്ററുകൾ വരച്ചത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. രാജ്യാന്തര വനിതാ ദിനത്തിനോട് അനുബന്ധിച്ച് സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്കായി മ്യൂസിയം ഓഡിറ്റോറിയത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ 18 നും 35നും ഇടയിൽ പ്രായമുള്ള നൂറിലേറെ യുവതി യുവാക്കൾ പങ്കെടുത്തു. 181 വനിതാ ഹെൽപ് ലൈൻ സ്ത്രീ സുരക്ഷയും ശാക്തീകരണവും എന്നതായിരുന്നു പോസ്റ്റർ രചനയുടെ വിഷയം. മത്സരത്തിൽ ഭൂരിഭാഗവും വനിതകളായിരുന്നു. ജേതാക്കൾക്ക് വനിതാ ദിനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സ്ത്രീ സുരക്ഷയ്ക്കായി വനിതാ വികസനകോർപറേഷൻ ഇനി നടത്തുന്ന പരിപാടികളിൽ തിരഞ്ഞെടുക്കുന്ന പോസ്റ്ററുകൾ പ്രചരിപ്പിക്കുമെന്നും വനിതാ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു പറഞ്ഞു.