തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി കമ്മിഷൻ ചെയ്യുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു ക്രമീകരണവും നടക്കുന്നില്ല. മത്സ്യത്തൊഴിലാളി മേഖലയിലെ അനുബന്ധ തൊഴിലാളികളുടെ പതിനായിരത്തോളം അപേക്ഷകൾ സർക്കാരിന്റെ തീർപ്പ് കാത്ത് കഴിയുകയാണ്. രാത്രികാലങ്ങളിലെ ഡ്രജിംഗ് ജില്ലാ കളക്ടർ നിരോധിച്ചിട്ടും നടത്തുന്നത് ശബ്ദമലിനീകരണത്തിനും പ്രദേശവാസികൾക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. പ്രശ്നപരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.