വാഗമൺ: വാഗമൺ മലനിരകളിൽ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും അഗ്നിബാധ. മുരുകൻമല ക്ഷേത്രത്തിന്റെ ഏക്കറുകണക്കിന് സ്ഥലം കത്തിനശിച്ചു. ക്ഷേത്ര പരിസരത്ത് നട്ട് പരിചരിച്ചുപോന്ന ആയിരക്കണക്കിന് ഫലവൃക്ഷത്തൈകളും അഗ്നിക്കിരയായി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
മലയുടെ അടിത്തട്ടിൽ നിന്ന് തീ മുകളിലേക്ക് വ്യാപിക്കുകയായിരുന്നു. കനത്ത കാറ്റിനെ തുടർന്ന് തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടർന്നു. പ്രദേശവാസികളിൽ ചിലർ തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
കഴിഞ്ഞ ആഴ്ചയും കുരിശുമലയ്ക്ക് സമീപം വഴിക്കടവിൽ തീപിടുത്തമുണ്ടായി. സംഭവത്തിൽ ഒരേക്കറോളം തേയിലത്തോട്ടം കത്തിനശിച്ചു. ഈരാറ്റുപേട്ടയിൽ നിന്ന് നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി രണ്ട് മണിക്കൂർ നേരം പരിശ്രമിച്ചാണ് തീയണച്ചത്. അതേസമയം വാഗമൺ മേഖലയിൽ തുടർച്ചയായി തീ പടരുന്നതിന് പിന്നിൽ പ്രദേശവാസികളിൽ ചിലർക്ക് പങ്കുള്ളതായി സൂചനയുണ്ട്. പുല്ലിന് തീയിട്ട ശേഷം ചിലർ കടന്നുകളയുന്നതായും പരാതിയുണ്ട്.
മുരുകൻമലയിൽ ഇത് രണ്ടാം തവണ
കഴിഞ്ഞ വേനൽക്കാലത്തും മുരുകൻമല ക്ഷേത്ര പരിസരത്ത് തീപടർന്നിരുന്നു. അന്നും ഏക്കറുകണക്കിന് സ്ഥലത്തെ ഫലവൃക്ഷങ്ങൾ കത്തിനശിച്ചിരുന്നു. പുല്ലിന് തീയിട്ട പ്രദേശവാസിക്കെതിരെ അന്ന് പൊലീസ് കേസെടുത്തിരുന്നു.