നെടുമ്പാശേരി: റിയാദിൽ നിന്നും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ് പ്രസിലെ ടോയ്ലറ്റിൽ രണ്ട് കിലോയോളം സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രി 12 മണിയോടെ നെടുമ്പാശേരിയിലെത്തിയ എ 1934 നമ്പർ വിമാനത്തിൽ നിന്നും ഗ്രൗണ്ട് ഹാന്റിലിംഗ് വിഭാഗത്തിലെ ക്ളീനിംഗ് തൊഴിലാളികളാണ് സ്വർണം കണ്ടെത്തിയത്. മൂന്ന് വലിയ സ്വർണ ബിസ്റ്റക്കറ്റുകൾ ഉൾപ്പെടെ 11 ബിസ്ക്കറ്റുകളും ഒരു മാലയുമാണ് പൊതിയിൽ ഉണ്ടായിരുന്നത്.
പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. യാത്രക്കാരിൽ ആരെങ്കിലും ഉപേക്ഷിച്ചതാകാനാണ് സാധ്യത. ചില സന്ദർഭങ്ങളിൽ കസ്റ്റംസ് ആൻഡ് എയർ ഇന്റലിജൻസ് വിഭാഗം വിമാനത്തിൽ നിന്നും യാത്രക്കാർ പുറത്തിറങ്ങുന്നതിന് മുമ്പേ പരിശോധനക്ക് കയറാറുണ്ട്. ഇത്തരത്തിൽ പരിശോധന സംശയിച്ച് ആരെങ്കിലും ഉപേക്ഷിച്ചതാകാനാണ് സാധ്യത. അല്ലാത്ത പക്ഷം വിമാനത്തിലെ ഏതെങ്കിലും ജീവനക്കാരെ ഉപയോഗിച്ച് സ്വർണം പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കഴിഞ്ഞ 22ന് അന്താരാഷ്ട്ര ടെർമിനലിലെ ആഗമന വിഭാഗത്തിലെ സ്ത്രീകളുടെ ടോയ്ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടര കിലോ സ്വർണ ബിസ്‌കറ്റ് കണ്ടെത്തിയിരുന്നു. സ്വർണം കണ്ടെത്തുന്നതിന് കുറച്ച് മുമ്പ് പരിസരത്ത് ഒരു സ്ത്രീയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. സി.സി ടി.വി കാമറ പരിശോധിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില റെക്കാഡ് വേഗത്തിൽ കുതിച്ചുയരുമ്പോൾ കള്ളക്കടത്തും വർദ്ധിക്കുകയാണ്. രണ്ട് മാസത്തോളമായി നെടുമ്പാശേരിയിൽ ദിവസവും സ്വർണം പിടികൂടുന്നുണ്ട്.