smart

കിളിമാനൂർ: പകൽക്കുറി ഗവ. എൽ.പി.എസിലെ കുരുന്നുകൾക്ക് ഇനി സ്മാർട്ടായി പഠിക്കാം. സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിച്ച മൂന്ന് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളിസുരേന്ദ്രൻ നിർവഹിച്ചു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷനായി. എൽ.ഇ.ഡി പ്രൊജക്ടർ, ഇന്ററാക്ടീവ് ബോർഡ്, സ്പീക്കർ സിസ്റ്റം, ലാപ്ടോപ്പുകൾ അടക്കം പൂർണമായും ശീതീകരിച്ച മൂന്ന് ക്ലാസ് മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ് മുറികളിൽ രണ്ടെണ്ണം പള്ളിക്കൽ പഞ്ചായത്തും ഒരെണ്ണം വി. ജോയി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്കൂളിലെ പൂർവ വിദ്യാർത്ഥി സബിത്ത് സ്കൂളിന് സംഭാവനയായി നൽകിയ സി.സി.ടി.വി കാമറാ സിസ്റ്റത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ബേബി സുധ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ മനു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ എൻ. അബുത്താലിബ്, എം. നാസർഖാൻ, എസ്. പുഷ്പലത, പഞ്ചായത്തംഗങ്ങളായ പ്രസന്ന ദേവരാജൻ, മിനികുമാരി .എസ്, എസ്. നിസാമുദ്ദീൻ, സുധിരാജ്, ശാരിക, ഷീജ. ജി.ആർ, പള്ളിക്കൽ നസീർ, രേണുക, പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറി ഷീജാമോൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. രാജു, ബി.പി.ഒ.എം എസ്. സുരേഷ്ബാബു, എസ്. അജയകുമാർ, ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി സ്വാഗതവും പ്രഥമാദ്ധ്യാപിക സീത ഡി നന്ദിയും പറഞ്ഞു.