k-sudhakaran

കാസർകോട്: കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ മൂടിവയ്ക്കാൻ ഒന്നുമില്ലെങ്കിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. സ്വതന്ത്ര അന്വേഷണ ഏജൻസി വരാതെ ഈ കേസ് ഒരിക്കലും തെളിയില്ലെന്നും അദ്ദേഹം 'ഫ്ളാഷി'നോട് പറഞ്ഞു.

ഷുഹൈബിനെ കൊന്നപ്പോൾ ആ ശരീരത്തിലുണ്ടായ വെട്ടും കല്ല്യോട്ടെ യുവാക്കളുടെ ശരീരത്തിലെ വെട്ടും സമാനതകളുള്ളതാണ്. വെട്ടുകൾ കണ്ടാൽ ഒറ്റനോട്ടത്തിൽ അറിയുന്ന പൊലീസ് ഓഫീസർമാരോട് കാസർകോട് നിന്ന് മാറിക്കോളാൻ പറഞ്ഞു. അന്വേഷണ സംഘത്തിൽനിന്ന് പൊയ്‌ക്കോളാനും അവർ പറഞ്ഞു.

ഷുഹൈബിന്റെ കൊലയാളി സംഘത്തിൽപ്പെട്ട ആരോ ഒരാൾ കല്ല്യോട്ട് കൊലപാതകത്തിലും ഉണ്ട്. വെട്ടുകൾ കണ്ടാൽ അത് തിരിച്ചറിയാം. മഴു കൊണ്ടാണ് കൃപേഷിനേയും ശരത്തിനെയും വെട്ടിയത്. അല്ലാതെ അത്രയും ഡീപ്പായി ഉള്ളിലോട്ട്‌പോകില്ല. ആരോ കൊണ്ടുവച്ച തുരുമ്പിച്ച വാളല്ലേ പൊലീസ് പുറത്തെടുത്തു കാണിച്ചത്. ഒരുത്തനെയും കോൺഗ്രസ് വിടില്ല. കൃപേഷിനേയും ശരത്തിനേയും കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നത് വരെ കോൺഗ്രസ് വെറുതെയിരിക്കുമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

കോടിയേരിയും പിണറായിയും പ്രതികളെ സഹായിക്കില്ല, പാർട്ടിയുടെ പരിരക്ഷ കിട്ടില്ല എന്നുപറഞ്ഞിട്ട് കാസർകോട്ടെ എം.പിയും എം.എൽ.എയും അടക്കമുള്ള സി.പി.എമ്മുകാർ എന്തിനാണ് മുഖ്യപ്രതി പീതാംബരന്റെ വീട്ടിൽപോയതെന്നും സുധാകരൻ ചോദിച്ചു. ഞങ്ങളുടെ രണ്ടു പ്രവർത്തകരെ താലിബാൻ ഭീകരന്മാരെ കടത്തിവെട്ടും വിധം വെട്ടിനുറുക്കിയ സംഭവത്തിന് ഉന്നതർ പലരും ഒത്താശ ചെയ്തിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ഗുണ്ടകളും ക്രിമിനലുകളാണ് കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞ പൊലീസ് അതെല്ലാം വിഴുങ്ങിയെന്നും കെ സുധാകരൻ ആരോപിച്ചു.