periya-murder

കാസർകോട്: പെരിയ കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം കുടുംബവും കോൺഗ്രസും ശക്തമാക്കുന്നതിനിടെ അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ട്. അന്വേഷണം ശക്തിപ്പെടുത്തുന്നതിന് സംഘത്തെ വിപുലീകരിക്കുമെന്നും അറിയുന്നു. സംഘത്തിൽ ഉന്നത ഓഫീസർമാർ അടക്കം 25 പേരുണ്ടാകും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടുത്ത ദിവസം പെരിയ സന്ദർശിക്കുമെന്നാണ് അറിയുന്നത്.

കാസർകോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരും കാസർകോട് ജില്ലയിലെ ലോക്കൽ പൊലീസിൽ നിന്നുള്ള സമർത്ഥരായ സിവിൽ പൊലീസ് ഓഫീസർമാരെയും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് അന്വേഷണ സംഘം. എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് എസ്.പി അബ്ദുൽ റഫീഖ് നേതൃത്വം വഹിക്കുന്ന സംഘത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി പ്രദീപ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കാസർകോട് ക്രൈംബ്രാഞ്ച് എസ്.ഐ ഫിറോസ്, കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐ, മലപ്പുറം ക്രൈംബ്രാഞ്ച് എസ്.ഐ തുടങ്ങിയവർ അടങ്ങുന്നതാണ് പുതിയ സംഘം.

കാസർകോട് എത്തിയ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ മുഴുവൻ കേസിന്റെ വിശദവിവരങ്ങൾ മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് മുഖ്യപ്രതി എ. പീതാംബരൻ, ഡ്രൈവർ സജി ജോർജ് എന്നിവരെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. തുടർന്നാണ് അന്വേഷണം ഒദ്യോഗികമായി ക്രൈംബ്രാഞ്ചിന് കൈമാറുക. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ കിട്ടുന്നതിന് ക്രൈംബ്രാഞ്ചും കോടതിയിൽ അപേക്ഷ നൽകും.

പ്രതികൾ പറഞ്ഞ മൊഴി അനുസരിച്ചാണ് ഇതുവരെയുള്ള അന്വേഷണം മുന്നോട്ടുപോയതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. മുഖ്യപ്രതി പീതാംബരൻ താനാണ് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയതെന്നും പുറത്തുനിന്നുള്ളവരുടെ ഇടപെടലില്ലെന്നും ചോദ്യംചെയ്യലിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് അറസ്റ്റിലായവരെല്ലാം കല്യോടും സമീപപ്രദേശങ്ങളിലുമുള്ളവരാണ്. ഇവരെ ചോദ്യംചെയ്തതിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തി.

എന്നാൽ സംഭവത്തിൽ പുറത്തുനിന്നുള്ളവരുണ്ടെന്ന ആരോപണത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ആരെയൊക്കെയോ രക്ഷിച്ചെടുക്കാനുള്ള നീക്കം സർക്കാരും പൊലീസും നടത്തുന്നതായും ആരോപണമുണ്ട്. പൊലീസ് അന്വേഷണത്തിൽ കൊലനടത്തിയ സ്ഥലത്തിനടുത്തുള്ള വീട്ടുകാരെ ഉൾപ്പെടെ ചോദ്യംചെയ്തില്ലെന്നും മറ്റും ആക്ഷേപങ്ങളും ഉയർത്തുന്നുണ്ട്. കേസിൽ നേരിട്ട് പങ്കെടുത്ത ചിലർ കൂടി കുടുങ്ങാനുണ്ടെന്ന സൂചനയുമുണ്ട്. ഇതിനെല്ലാം മറുപടി നല്കാൻ ക്രൈംബ്രാഞ്ചിന് സാധിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.