തിരുവനന്തപുരം: സാക്ഷരതാ മിഷനിലെ ജില്ലാ പ്രോജക്ട് കോ- ഓർഡിനേ​റ്റർ എന്ന സാങ്കല്പിക തസ്തികയിൽ ധനവകുപ്പ് മന്ത്റിയുടെ ഓഫീസ് ഇടപെട്ട് അധിക വേതനം അനുവദിച്ച നടപടിക്കെതിരെ പ്രേരക്മാർ സമരം തുടങ്ങി. സെക്രട്ടേറിയറ്ര് പടിക്കലും ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുകൾക്കു മുമ്പിലുമാണ് പ്രതിഷേധം നടക്കുന്നത്. മുഖ്യമന്ത്റിയുടെ ഇടപെടലിൽ 2017​ൽ വർദ്ധിപ്പിച്ചു കിട്ടിയ വേതനം പോലും ധനമന്ത്റിയുടെ ഓഫീസ് അട്ടിമറിക്കുന്നു വെന്നാണ് അവരുടെ ആക്ഷേപം. വർദ്ധിപ്പിച്ച വേതനം ലഭ്യമാകാൻ പ്രതിവർഷം 33 കോടി രൂപ ധനവകുപ്പ് സാക്ഷരതാ മിഷന് അനുവദിക്കണമെന്നിരിക്കെ കഴിഞ്ഞ സാമ്പത്തിക വർഷം 16 കോടി മാത്രമാണ് അനുവദിച്ചത് .
ഓരോ ജില്ലയിലും ജില്ലാ പഞ്ചായത്ത് സെക്രട്ടറി സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേ​റ്റർ മാരായി നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട് .ഇവർക്കാണ് സാക്ഷരതാ മിഷൻ സംസ്ഥാന ഓഫീസ് നടപ്പിലാക്കുന്ന പദ്ധതികളുടെ ജില്ലയിലുള്ള ഭരണപരവും സാമ്പത്തികവുമായ ചുമതല. ഈ ചുമതലകൾ ജില്ലാ പ്രോജക്ട് കോ- ഓർഡിനേ​റ്റർ വഹിക്കുന്നുവെന്ന് തെ​റ്റായി എഴുതിച്ചേർത്താണ് അധിക വേതനം 2016 ഫെബ്രുവരി മുതൽ നൽകിയതെന്നും പ്രേരക് മാർ കുറ്റപ്പെടുത്തുന്നു.