തൃക്കാക്കര : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ മാലിന്യക്കൂമ്പാരത്തിന് തീയിട്ടതെന്ന നിഗമനത്തിൽ പൊലീസ്. പ്രാഥമിക അന്വേഷണത്തിൽ മാലിന്യക്കൂമ്പാരത്തിന്റെ നാല് ഭാഗത്തുനിന്നും ഒരേ സമയം തീപടർന്നതായി കണ്ടെത്തിയിരുന്നു. ഇത് മനഃപൂർവം തീയിട്ടതാകാനുള്ള സാദ്ധ്യതായാണ് തുറന്ന് കാട്ടുന്നത്. എന്നാൽ,​ ആരാണ് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല.

അതേസമയം, പ്ലാന്റിന് സമീപത്തെ സി.സി.ടി.വി കാമറകൾ പൊലീസ് ഇന്ന് പരിശോധിക്കും. കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിന്റെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസാണ് അന്വേഷിക്കുന്നത്. തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയെന്ന സംശയവുമായി മേയർ നേരത്തെ രംഗത്ത് എത്തിയിരുന്നു. ആസൂത്രിതമായി തീയിടുന്നതാണോ എന്നു കണ്ടെത്തണമെന്നായിരുന്നു മേയറുടെ ആവശ്യം. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അസ്വാഭാവികമായി തീ പടർന്നതിനാൽ ഫയർ എഞ്ചിനുകൾ പോലും സ്ഥലത്തേക്ക് എത്തിക്കാൻ ഏറെ പണിപ്പെട്ടിരുന്നു. തീ പടരുന്ന ഭാഗങ്ങളിൽ നിന്ന് മാലിന്യം കോരിമാറ്റി തീ നിയന്ത്രിക്കാൻ സാധാരണ ഉപയോഗിക്കുന്ന മണ്ണുമാന്തികൾ എത്തിക്കാനും തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല.