murder

ബേക്കൽ: പെരിയ കല്ല്യോട്ട് സി.പി.എം നേതാക്കളെ ആക്രമിക്കാൻ ശ്രമിച്ച 30 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്ന് നേതാക്കളെ ആക്രമിക്കാൻ ശ്രമിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കല്ല്യോട്ടെ കോൺഗ്രസ് പ്രവർത്തകരായ മഹേഷ്, ശ്രീകുമാർ, പത്മനാഭൻ, ജനാർദ്ദനൻ, ദീപു എന്നിവരുൾപ്പെടെ 30 പേർക്കെതിരെയാണ് കേസ്.

കൊലപാതകത്തെ തുടർന്ന് കോൺഗ്രസുകാർ തകർത്ത സി.പി.എം പ്രവർത്തകരുടെ വീടുകളും കടകളും ഓഫീസുകളും സന്ദർശിക്കാനെത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിലുള്ള നേതാക്കളെയും എം.എൽ.എമാരായ എം. രാജഗോപാലൻ, കെ. കുഞ്ഞിരാമൻ എന്നിവരെയുമാണ് ആക്രമിക്കാൻ ശ്രമിച്ചത്. കോൺഗ്രസ് പ്രവർത്തകരെ മാറ്റുന്നതിനിടയിൽ പൊലീസിനു നേരെയും കൈയേറ്റ ശ്രമമുണ്ടായിരുന്നു.