കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായെങ്കിലും ജനങ്ങൾ 48 മണിക്കൂർ ജാഗ്രതരായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിൽ 25 ശതമാനം പുക കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്നലെ അർദ്ധരാത്രി ചിലയിടങ്ങളിൽ പുക നിറഞ്ഞ് നിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രത തുടരാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, അന്തരീക്ഷ മലിനീകരണത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചു. പ്ലാന്റിലെ മാലിന്യ കൂമ്പാരങ്ങൾ പലയിടത്തായി കത്തിയത് കെടുത്താനായെങ്കിലും പ്ലാസ്റ്റിക് ഉൾപ്പെടെ പുകഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്.
സ്ഥലത്ത് ഫയർഫോഴ്‌സ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾക്ക് ഹെൽപ്പ് ലൈനുകളും തുറന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ കൊച്ചി നഗരത്തിൽ പുക പടർന്നത്. അപ്രതീക്ഷിതമായി പുക പടർന്നത് ജനങ്ങളിൽ ശാരീരിക അസ്വസ്ഥതയ്ക്കും ശ്വാസ തടസത്തിനും കാരണമായിരുന്നു. രണ്ട് മാസത്തിനിടെ നാലാം തവണയാണ് പ്ലാന്റിന് തീ പിടിക്കുന്നത്.