h1n1

കാസർകോട്: പെരിയ നവോദയ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കും ജീവനക്കാരിക്കും ഉൾപ്പെടെ എച്ച്1 എൻ1 ബാധയുണ്ടായതായി സ്ഥിരീകരിച്ചതോടെ നടപടികൾ ഊർജ്ജിതമാക്കി. അഞ്ചു പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഗുരുതരമല്ലെങ്കിലും കുട്ടികളിൽ കുറച്ചുപേർക്കു കൂടി രോഗബാധയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പായി കഴിയുന്നതിനാൽ അതിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ള എല്ലാവർക്കും രോഗം പിടികൂടുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. അതേസമയം സ്ഥിതി പൂർണ്ണമായും നിയന്ത്രണ വിധേയമായെന്നും ഇന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ കളക്ടർ ഡോ. സജിത് ബാബു പറഞ്ഞു.

വിദ്യാലയത്തിലെ രക്ഷിതാക്കളുടെ യോഗം ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിൽ വിളിച്ചു ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗം ബാധിച്ച രണ്ടു കുട്ടികൾക്ക് ഗുരുതരമായിരുന്നു. ഇവർ ഇപ്പോഴും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ മറ്റു കുട്ടികൾക്കൊന്നും നില ഗുരുതരമല്ലെന്നും ഡോക്ടർമാർ ആവശ്യമായ പ്രതിരോധ നടപടികൾ ഊർജിതമാക്കിയതായും കളക്ടർ പറഞ്ഞു. മറ്റുള്ളവർക്ക് വിദ്യാലയത്തിൽ തന്നെ സൗകര്യമൊരുക്കി ചികിത്സ നൽകിവരികയാണ്. സ്‌കൂളിലെ 72 ഓളം കുട്ടികൾക്ക് പനി പിടിപെട്ടിട്ടുണ്ട്. ഇവരിൽ പലർക്കും രോഗലക്ഷണമുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കുട്ടികളെ പരിശോധിച്ച ഡോ. നിധീഷ് പറഞ്ഞു.

520 കുട്ടികളും 200 ഓളം ജീവനക്കാരും ആണ് നവോദയ സ്‌കൂളിലുള്ളത്. കുട്ടികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കാതെയാണ് ചികിത്സ നടത്തുന്നത്. തൽക്കാലം വീട്ടിലേക്ക് വിടേണ്ടെന്നും സ്‌കൂൾ ഹോസ്റ്റലിൽ തന്നെ നിർത്തി ചികിത്സ തുടർന്നാൽ മതിയെന്നും കളക്ടർ നിർദേശം നൽകി. രോഗബാധയെ തുടർന്ന് നവോദയ വിദ്യാലയത്തിലെ കായികമത്സരം ഉൾപ്പടെയുള്ള മറ്റു വിനോദ പരിപാടികളെല്ലാം മാറ്റിവച്ചു.