കടയ്‌ക്കൽ : വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. കടയ്‌ക്കൽ പുള്ളിപ്പച്ച പാങ്ങലുകാവ് ഗണപതിനട റാഫി മൻസിലിൽ റംലബീവി(35)യാണ് ഇന്നലെ രാത്രി ഒമ്പതരയാടെ വീട്ടിനുള്ളിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. രണ്ട് പേരാണ് ബൈക്കിലെത്തിയത്.ഗേറ്റിന് പുറത്ത് എഞ്ചിൻ ഓഫാക്കാതെ നിറുത്തിയിരുന്ന ബൈക്കിൽ ഒരാൾ ഇരുന്ന ശേഷം രണ്ടാമൻ അകത്ത് കയറി കോളിംഗ് ബെൽമുഴക്കുകയായിരുന്നു. ഈ സമയം റംലബീവി വാതിൽ തുറന്നപ്പോഴായിരുന്നു ആക്രമണം.
തല ഭിത്തിയിൽ ചേർത്ത് ഇടിപ്പിച്ച ശേഷം മൂർഛയുള്ള ആയുധം ഉപയോഗിച്ച് റംലബീവിയുടെ തലയ്‌ക്ക് ഏൽപ്പിച്ച പരിക്കായിരുന്നു മരണ കാരണമായത് .ബഹളം കേട്ട് അകത്ത് നിന്നും ഓടി എത്തിയ മക്കളുടെ കണ്ണിൽ മുളക് പൊടി വിതറിയായിരുന്നു ആക്രമണം. പ്രാണരക്ഷാർത്ഥംവീടിന് പുറത്തേക്ക് ഓടിയ റംലാബീവി ഗേറ്റിന് മുന്നിൽ കുഴഞ്ഞു വീണു. ഉടൻ കടയ്‌ക്കൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമീപത്തെ സുരക്ഷാ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് വാഹനം സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.
ഭർത്താവ് ഷാജഹാനുമായി ഏറെ നാളായി അകന്ന് കഴിയുകയാണ് റംലബീവി. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ കുടംബ കോടതിയിൽ കേസ് നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.സംഭവം നടന്ന ഉടൻ അവിടെ എത്തിയ ഷാജഹാനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്‌റ്റഡിയിലെടുത്തു. പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഷാജഹാൻ അടുത്തിടെയായി നാട്ടിൽ സ്ഥിര താമസമാണ്.
റംലബീവിയുടെ സഹോദരൻ ഒരു വർഷം മുമ്പ് മരിച്ചതിന്റെ ഓർമ്മ ചടങ്ങുകൾ ഇന്നലെ ആയിരുന്നു. കുട്ടികളുമായി തറവാട്ടിൽ പോയി ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങി ആഹാരം പാകം ചെയ്‌തു മൂവരും ഒന്നിച്ച് അത്താഴം കഴിക്കാൻ തുടങ്ങുമ്പോഴായിരുന്നു അക്രമികളെത്തിയത്.റംലബീവിയുടെ വീടിന് എതിർവശം ഒരു പീടിക പ്രവർത്തിക്കുന്നുണ്ട്. സാധാരണ ഒമ്പതര വരെയാണ് ഈ കട പ്രവർത്തിക്കുന്നത്.ഇന്നലെ കടയിലെ വെളിച്ചം കെടുത്തിയതിന് തൊട്ടു പിന്നാലെ ആയിരുന്നു ആക്രമണം.
വ്യക്തമായ ആസൂത്രണം കൊലയ്‌ക്ക് പിന്നിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ സംഭവം.മൃതദേഹം കടയ്‌ക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പുനലൂർ ഡിവൈ. എസ്. പി എം. ആർ. സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.