shashi-tharoor

തിരുവനന്തപുരം : രണ്ടോ മൂന്നോ എം.പിമാരുള്ള സി.പി.എമ്മിന് ബി.ജെ.പിക്ക് ബദലാകാൻ കഴിയില്ലെന്നും നരേന്ദ്രമോദിയുടെ ദുർഭരണം അവസാനിപ്പിക്കാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്നും ശശി തരൂർ എം.പി പറഞ്ഞു. കെ.പി.സി.സിയുടെ സംസ്ഥാനതല പബ്ലിസിറ്റി ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിച്ചാൽ അവർക്ക് പ്രതിപക്ഷത്ത് ഇരിക്കാൻ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിനും പിണറായി സർക്കാരിനും എതിരെയുള്ള പ്രചാരണം ബൂത്ത്തലത്തിൽ വരെ എത്തിക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. പിണറായി സർക്കാരിന്റെ 1000 ദുർദിനങ്ങളാണ് കടന്നുപോയതെന്ന് കാമ്പെയിൻ കമ്മിറ്റി ചെയർമാൻ കെ. മുരളീധരൻ എം.എൽ.എ ചൂണ്ടിക്കാട്ടി. തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, പി.എസ്. പ്രശാന്ത്, മുടവൻമുകൾ രവി, എം.എ. ലത്തീഫ്, എം. മുനീർ തുടങ്ങിയവർ പങ്കെടുത്തു.