ഒരേസമയം 25000 പേർ ശുചീകരണത്തിന് ഇറങ്ങും

14 കേന്ദ്രങ്ങളിൽ ഉദ്ഘാടനം, കിള്ളിപ്പാലത്ത് മന്ത്രി എ.സി. മൊയ്തീൻ ക്ലീനിംഗിന് തുടക്കം കുറിക്കും

തിരുവനന്തപുരം :കേവലമൊരു മാലിന്യവാഹിയായ് ഒഴുകാൻ വിടാതെ കിള്ളിയാറിനെ മാലിന്യമുക്തയാക്കാനൊരുങ്ങുന്നു.

അനന്തപുരിയുടെ അപമാനമെന്ന വിളിപ്പേര് മാറ്റാൻ നഗരസഭയുടെ നേതൃത്വത്തിൽ കിള്ളിയാർ സംരക്ഷണത്തിനായി 25000 പേർ ഒരേസമയം കൈകോർക്കുകയാണ്. ഈ മെഗാക്ലീനിംഗിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് കിള്ളിപ്പാലത്ത് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വഴയില മുതൽ തിരുവല്ലം വരെയുള്ള 13.5 കിലോമീറ്ററാണ് വൃത്തിയാക്കുന്നത്. പ്രദേശത്തെ 14 കേന്ദ്രങ്ങളായി തിരിച്ച്

ഓരോ പ്രദേശത്തും ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, കെ. മുരളീധരൻ, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവി ഡയറക്ടർ അജയകുമാർ വർമ്മ, കവി മധുസൂദനൻ നായർ, കവി മുരുകൻ കാട്ടാക്കട, ഗുരുഗോപിനാഥ് നടനഗ്രാമം ചെയർമാൻ കെ.സി. വിക്രമൻ തുടങ്ങിയവർ വിവിധയിടങ്ങളിൽ ക്ലീനിംഗിന് തുടക്കം കുറിക്കും.

വിവിധ രാഷ്ട്രീയ പാർട്ടികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനകൾ, ഗ്രന്ഥശാല, ക്ഷേത്ര കമ്മിറ്റികൾ, പെൻഷൻ സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, യുവജന സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി.

സന്നദ്ധപ്രവർത്തകർക്കായി ഉച്ചയ്ക്ക് നഗരത്തിലെ 51 സ്‌കൂളുകളിൽ നിന്നു പൊതിച്ചോറെത്തിക്കും. പ്രഭാത ഭക്ഷണം നഗരസഭ നൽകും. സെപ്‌തംബറിൽ നടത്താനിരുന്ന മെഗാക്ലീനിംഗ് പ്രളയത്തെ തുടർന്നാണ് മാറ്റിവച്ചത്. ഡിസംബറിൽ തീരുമാനിച്ചെങ്കിലും രാഷ്ട്രീയ കക്ഷിനേതാക്കൾ അസൗകര്യം അറിയിച്ചതിനാൽ മാറ്റുകയായിരുന്നു.

 ശുചീകരണം 54 ഭാഗങ്ങളിൽ

കിള്ളിയാറിന്റെ വഴയില മുതൽ കല്ലടിമുഖം വരെയുള്ള 13.5 കി.മീറ്റർ പ്രദേശത്തെ ഇരുകരകളും ഒരേസമയം ശുചീകരിക്കും. ഈ പ്രദേശത്തെ അരക്കിലോമീറ്റർ വീതം ഭാഗിച്ചിട്ടുണ്ട്. ഓരോ കൗൺസിലർമാരുടെ മേൽനോട്ടത്തിലാണ് ശുചീകരണം. നഗരസഭയുടെ ഒമ്പത് ഹെൽത്ത് സർക്കിളുകളുടെ ചുമതല സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും പാർലമെന്ററി പാർട്ടി നേതാക്കൾക്കുമാണ്. മാലിന്യം കൂടുതലുള്ള സ്ഥലങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ കണ്ടെത്തിയിട്ടുണ്ട്. കിള്ളിയാർ കടന്നു പോകുന്ന പരിധിയിലെ ഹെൽത്ത് സർക്കിളുകളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ സർവേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.

തുടർപരിപാലനം വെല്ലുവിളി

മെഗാക്ലീനിംഗ് കഴിഞ്ഞാൽ തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും മാലിന്യം കിള്ളിയാറിലേക്ക് എത്തിയാൽ ഈ പ്രവർത്തനങ്ങൾ പാഴാകും. കിള്ളിയാറിലേക്ക് സെപ്റ്റേജ് മാലിന്യം എത്തുന്നത് ഏറക്കുറെ അവസാനിപ്പിക്കാനായെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. മറ്റ് പോംവഴിയില്ലാത്തവർക്ക് നഗരസഭ സെപ്ടിക് ടാങ്ക് സംവിധാനം ഉടൻ ഒരുക്കി നൽകുമെന്ന് മേയർ പറഞ്ഞു. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടമായി കിള്ളിയാറിനെ കാണുന്നവർ അതിൽ നിന്നു പിന്മാറിയാൽ മാത്രമേ മെഗാക്ലീനിംഗ് വിജയം കാണൂ.

രണ്ടാം ഘട്ടത്തിൽ തുടർപരിപാലനത്തിന്റെ ഭാഗമായി മുളകൾ വച്ചു പിടിപ്പിക്കാനും നഗരസഭ ലക്ഷ്യമിടുന്നു. ഇല്ലിമുളം തീരമെന്ന പേരിൽ ഇതിനായി കഴിഞ്ഞ ബഡ്ജറ്റിൽ തുക മാറ്റിയിട്ടുണ്ട്. തുടർന്ന് കമ്പനികളുടെ സി.എസ്.ആർ തുക കിള്ളിയാർ സംരക്ഷണത്തിന് ലഭ്യമാക്കാനും പദ്ധതിയുണ്ട്. മാലിന്യം തള്ളുന്നത് തടയാൻ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ ഉറപ്പാക്കും.